ലേബര്‍ സര്‍ക്കാരിന്റെ നികുതി നയം സമ്പന്നരെ ബ്രിട്ടന്‍ വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നതായി കാബിനറ്റ് മന്ത്രി തന്നെ സമ്മതിച്ചു. വ്യവസായ സംരംഭകര്‍ കൂട്ടത്തോടെ നാട് വിടുന്നത് ആശങ്കയുയര്‍ത്തുന്നു എന്നാണ് ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞത്.
നികുതി ഭാരവും, നോണ്‍ - ഡോം സ്റ്റാറ്റസ് എടുത്തു കളഞ്ഞതും ഇതിന് കാരണങ്ങളാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ച്ചല്‍ റീവ്സ് നടത്തുന്ന നികുതി ഭാരം താങ്ങാനാകാത്തതിനാല്‍ കോടീശ്വരന്മാരും മറ്റ് നിക്ഷേപകരും രാജ്യം വിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതിനിടെ, റീവ്സിന്റെ പദ്ധതികള്‍ ബ്രിട്ടീഷ് സമ്പദ്ഘടനയെ തളര്‍ത്തുകയാണെന്ന ആരോപണവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു മുന്‍ ഗവര്‍ണറും രംഗത്തെത്തി. നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ബ്രിട്ടീഷ് വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ക്ക് മേല്‍ അധിക ചെലവിന്റെ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത് എന്നും വ്യവസായ സമൂഹം ആവശ്യപ്പെടുകയാണ്. നികുതി ഭാരത്തില്‍ ജനങ്ങളും ചെറുകിട വ്യവസായികളും ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലാണ്.
അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ള പ്രധാന നികുതി പരിഷ്‌കരണങ്ങളുമായി ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മിത്തല്‍ ബ്രിട്ടനില്‍ നിന്നും താമസം മാറുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളും ബ്രിട്ടനിലെ അതിസമ്പന്ന മുഖവുമാണ് മിത്തല്‍.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ആര്‍സലര്‍ മിത്തലിന്റെ ചെയര്‍മാനാണ് ലക്ഷ്മി മിത്തല്‍. ഏകദേശം മൂന്ന് പതിറ്റാണ്ടുകാലത്തോളമായി ബ്രിട്ടനിലെ ബിസിനസ് ഉന്നതരുടെയും രാഷ്ട്രീയ സംഭാവനകളിലും ശതകോടീശ്വരന്മാരുടെ പട്ടികയിലും രാജ്യത്തിന്റെ ആഗോള കോര്‍പ്പറേറ്റ് മേഖലയിലും ലക്ഷ്മി മിത്തലിന്റെ പേരുണ്ട്.
1995-ലാണ് അദ്ദേഹം ലണ്ടനിലേക്ക് താമസം മാറ്റിയത്. അവിടെ ഏറ്റവും വിലയേറിയ വീടുകളില്‍ ചിലത് മിത്തല്‍ സ്വന്തമാക്കി. ലോകത്തിലെ സാമ്പത്തിക തലസ്ഥാനത്ത് നിന്നും ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത മിത്തല്‍ ബ്രിട്ടനിലെ പ്രമുഖരില്‍ ഒരാളായി മാറി. അങ്ങനെയുള്ള ആളാണ് രാജ്യം വിടുന്നത്.