'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ പങ്കുവെച്ച് മറുപടി നല്‍കി പൃഥ്വിരാജ്. ചിത്രത്തിലെ ഒരു ശ്രദ്ധേയ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകരും സിനിമാസ്വാദകരും ഉള്‍പ്പെടെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
'വര്‍ക്ക് നടക്കട്ടെ' എന്ന് ചിത്രത്തിലെ നായക കഥാപാത്രമായ ഡബിള്‍ മോഹനന്‍ പറയുന്നൊരു ഡയലോഗാണ് വീഡിയോയിലെ ഹൈലൈറ്റ്. ''മറയൂര് ചന്ദനം ഇനിയുമുണ്ടല്ലോ, മറയൂര് മോഹനനുമുണ്ടല്ലോ'' എന്ന മാസ് ഡയലോഗും സ്‌നീക്ക് പീക്കിലുണ്ട്. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഇന്ന് സൈബര്‍ സെല്ലില്‍ സിനിമയുടെ നിര്‍മ്മാതാവ് സന്ദീപ് സേനന്‍ പരാതി നല്‍കിയിട്ടുമുണ്ട്. 'ഫസ്റ്റ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.
ശ്രദ്ധേയ എഴുത്തുകാരനായ ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരില്‍ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയെയും അണിയറപ്രവര്‍ത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളര്‍ത്തുന്നതുമായ രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.