വിമാന യാത്രക്കിടെ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ജോലിക്കിടെ എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നായിരുന്നു പരാതി. ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 30 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിമാനം ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം പാസ്‌പോര്‍ട്ട് സീറ്റില്‍ മറന്നുവച്ചതായി ഇയാള്‍ ക്യാബിന്‍ ക്രൂവിനോട് പറഞ്ഞു.
എന്നാല്‍ ഇതു തിരഞ്ഞെത്തിയ ജീവനക്കാര്‍ കണ്ടത് അശ്ലീല കുറിപ്പായിരുന്നു. തുടര്‍ന്ന് വിവരം ജീവനക്കാര്‍ ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനേയും അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
ജീവനക്കാരുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.