അടിയന്തര ആവശ്യങ്ങള്‍ക്കാണ് രോഗികള്‍ ആശുപത്രികളിലെ എ&ഇകളിലേക്ക് എത്താറുള്ളത്. എന്നാല്‍ ഇവിടെ നിന്നും ആശുപത്രിയിലേക്ക് അഡ്മിഷന്‍ കിട്ടുന്നത് തന്നെ ബുദ്ധിമുട്ടാണ്. യാതൊരു ചികിത്സയും കിട്ടാതെ എ&ഇയില്‍ നിന്നും മടങ്ങുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
അടിയന്തര ആശുപത്രി ചികിത്സകള്‍ക്ക് ഡിമാന്‍ഡ് കൂടുകയും, കാത്തിരിപ്പ് ഏറുകയും ചെയ്യുന്നതിനിടെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്ന അവസ്ഥ വര്‍ദ്ധിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍എച്ച്എസ് കണക്കുകളിലെ പരിശോധനകളില്‍ നിന്നും കണ്ടെത്തി.
2025 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 320,000-ലേറെ ആളുകളാണ് എ&ഇകളില്‍ നിന്നും ചികിത്സ കിട്ടാതെ മടങ്ങിയത്. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി വര്‍ധനവാണ് ഇക്കാര്യത്തിലുള്ളത്.
ഭൂരിഭാഗം പേരും കാത്തിരുന്ന് മടുത്താണ് എ&ഇ വിട്ടത്. 12 മണിക്കൂറിലേറെ കാത്തിരിപ്പ് വേണ്ടിവന്ന രോഗികളുടെ എണ്ണത്തില്‍ 90 മടങ്ങ് വര്‍ധന ഉണ്ടായെന്നും ആര്‍സിഎന്‍ കണക്കുകള്‍ കണ്ടെത്തി. ചികിത്സ കിട്ടാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രോഗികള്‍ മടങ്ങുന്നത് അപകടകരവും, സിസ്റ്റം തകര്‍ന്നതിന്റെ ലക്ഷണവുമാണെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും, ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫ നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു.