രജിസ്റ്റേഡ് നഴ്‌സായി വേഷമിട്ട് ആറ് നഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്ത് 200,000 പൗണ്ട് വരുമാനം കൈക്കലാക്കിയ തട്ടിപ്പുകാരന്‍ അകത്തായി
രജിസ്റ്റേഡ് നഴ്‌സിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് നാല് വര്‍ഷത്തോളം ബ്രിട്ടനിലെ വിവിധ നഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്ത വ്യാജ നഴ്‌സിന് ജയില്‍ശിക്ഷ. ആറോളം കെയര്‍ ഹോമുകളില്‍ ജോലി ചെയ്ത് 200,000 പൗണ്ട് വരെ വരുമാനം നേടുകയും ചെയ്തു ഈ തട്ടിപ്പുകാരന്‍.
2015 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെയാണ് നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ആറ് കെയര്‍ ഹോമുകളിലായി ആഷ്ടണ്‍ ഗുരമാതുന്‍ഹു ജോലി ചെയ്തത്. വാറിംഗ്ടണിലെ നഴ്‌സിംഗ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത ആഷ്ടണ്‍ ഇതിനായി മറ്റൊരു യഥാര്‍ത്ഥ നഴ്‌സിന്റെ ഐഡന്റിറ്റിയാണ് ദുരുപയോഗം ചെയ്തതെന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വിചാരണയില്‍ കണ്ടെത്തി.
വ്യാജ നഴ്‌സായി പ്രവര്‍ത്തിച്ച വകയില്‍ 172,920.94 പൗണ്ടാണ് ഇവര്‍ വരുമാനം നേടിയത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഡഡ്‌ലിയില്‍ നിന്നുള്ള ഈ 46-കാരന് 40 മാസത്തെ ശിക്ഷയാണ് വിധിച്ചത്. വ്യാജ സേവനം നല്‍കിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.
കെയര്‍ ഹോമില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് ചോദിക്കാനായി നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ യഥാര്‍ത്ഥ നഴ്‌സിനെ വിളിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. താന്‍ ഇവിടെ ജോലി ചെയ്തിട്ടില്ലെന്ന് യഥാര്‍ത്ഥ നഴ്‌സ് പറഞ്ഞതോടെയാണ് ആഷ്ടണ്‍ വ്യാജനാണെന്ന് തിരിച്ചറിയുന്നത്. സംഭവം ക്ലീവ്‌ലാന്‍ഡ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അന്വേഷണം ആരംഭിച്ചു.
ആഷ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോയിരുന്നെങ്കിലും മുന്‍പ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാല്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യാന്‍ യോഗ്യതയില്ലെന്ന് പോലീസ് കണ്ടെത്തി. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന വ്യാജ സേവനം നല്‍തിയതെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ക്ക് ശിക്ഷ ലഭിച്ചത്.
ഇയാള്‍ ഹാജരാക്കിയ രേഖയിലെ യഥാര്‍ത്ഥ നഴ്‌സിനെ 2019 ജനുവരിയില്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എന്‍ എം സി) ബന്ധപ്പെട്ടതോടെയണ് പ്രതി കുടുങ്ങിയത്.തുടര്‍ന്ന് ചെഷയര്‍ പോലീസിന് കേസ് കൈമാറുകയായിരുന്നു.സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്.