ലെസ്റ്റര്‍ഷയറിലെ ലാഫ്ബറോയില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയ്ക്ക് വേണ്ടി പോലീസ് വ്യാപക തെരച്ചിലില്‍. 20 വയസ്സുകാരനായ ആര്യന്‍ ശര്‍മ്മയെയാണ് കാണാതായത്. നവംബര്‍ 23ന് രാത്രി 12.30ന് ലാഫ്ബറോയുടെ പ്രാന്തപ്രദേശങ്ങളിലെ മെഡോ ലെയ്‌നിലാണ് ആര്യനെ അവസാനമായി കണ്ടത്.
അതിനു മുമ്പ് രാത്രി 9.30ന് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആര്യന്‍ സ്റ്റാന്‍ഫോര്‍ഡ്-ഓണ്‍-ദി-സോറിലേക്ക് നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കാണാതാകുന്നതിന് തൊട്ടുമുമ്പ് തെരുവിലൂടെ ഓടുന്നതിന്റെ ദൃശ്യവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ലാഫ്ബറോ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്‌സ് വിദ്യാര്‍ഥിയായ ആര്യനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
രാത്രി 9.20ന് താമസസ്ഥലത്ത് നിന്ന് പുറപ്പെട്ടതുമുതല്‍ പുലര്‍ച്ചെ 12.30ന് മെഡോ ലെയ്‌നില്‍ അവസാനമായി കണ്ടുവരെയുള്ള ആര്യന്റെ നീക്കങ്ങള്‍ പൊലീസ് പരിശോധിച്ചു. കൂടുതല്‍ സാക്ഷി വിവരങ്ങളും ഡാഷ് ക്യാം, സിസിടിവി ദൃശ്യങ്ങളും പൊലീസ് തേടുന്നു.
'ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. നവംബര്‍ 23 മുതല്‍ ആരും അവനോട് സംസാരിച്ചിട്ടില്ല. അവനെ സുരക്ഷിതമായി കണ്ടെത്തണം. അവന്‍ എത്രമാത്രം സ്‌നേഹിക്കപ്പെടുന്നു എന്ന് അവനറിയണം, വീട്ടിലേക്ക് മടങ്ങിവരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- ആര്യന്റെ കസിന്‍ ജാഗി സാഹ്നി പറഞ്ഞു.