ലണ്ടന്‍: യുകെയിലെ ആരോഗ്യമേഖലയില്‍ അഭിമാന നേട്ടവുമായി മലയാളി സമൂഹം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീന്‍ ഹരികുമാറിന് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗിന്റെ (RCN) അഭിമാനകരമായ ''റൈസിംഗ് സ്റ്റാര്‍' പുരസ്കാരം ലഭിച്ചു.
നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോര്‍ത്ത്വിക്ക് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ പ്രാക്ടീസ് എജ്യുക്കേറ്ററാണ് നിലവില്‍ നവീന്‍ ഹരികുമാര്‍. മികച്ച രോഗീ പരിചരണം, സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകള്‍, നൂതനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്.
ബ്ലാക്ക്, ഏഷ്യന്‍, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ട നഴ്‌സിംഗ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടന്റെ ഈ പുരസ്‌കാരം, നൂതനമായ പ്രോജക്ടുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവര്‍ക്കാണ് നല്‍കുന്നത്. ആറു വര്‍ഷം മാത്രമാണ് നവീന് യുകെയിലെ സേവന പരിചയം എന്നോര്‍ക്കണം.
ആലപ്പുഴ തിരുവമ്പാടിയാണ് നവീന്റെ സ്വദേശം. ആലപ്പുഴയിലെ ഗവണ്‍മെന്റ് കോളജ് ഓഫ് നഴ്സിങില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. നിലവില്‍ ക്യൂന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ ഹയര്‍ എജ്യുക്കേഷനില്‍ പി.ജി. ഡിപ്ലോമ പഠനം നടത്തുകയാണ്. മാതാപിതാക്കള്‍: ഹരികുമാര്‍, ഗീത. ഭാര്യ അഥീന ബി ചന്ദ്രന്‍, മകള്‍ ഇതള്‍ മേ നവീന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.