കേരളത്തെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. ഒന്ന് മുതല്‍ 6 വരെ പ്രതികള്‍ മാത്രം കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷാവിധി പന്ത്രണ്ടാം തിയതി വിധിക്കും. ബലാത്സംഗം തെളിഞ്ഞതായി കോടതി കണ്ടെത്തി. പള്‍സര്‍ സുനി അടക്കം 6 പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി അറിയിച്ചു. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസില്‍ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍, തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.
പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പില്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ ത്തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലൈയിലാണ് ദിലീപ് അറസ്റ്റിലായത്.
2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. മലയാള സിനിമാമേഖലയിന്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായതും നടിക്കുനേരേയുണ്ടായ ഈ അതിക്രമമാണ്.