നാട്ടുവാര്‍ത്തകള്‍

ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന്റെ വാദപ്രതിവാദങ്ങള്‍ നടന്നുവരവെയാണ്. അതിജീവിതക്കൊപ്പമെന്നു മുഖ്യമന്ത്രിയും സര്‍ക്കാരും സിപിഎമ്മും ആവര്‍ത്തിക്കുമ്പോഴും അതിലെത്രമാത്രം ആത്മാര്‍ത്ഥത ഉണ്ടായിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം. ബലാല്‍സംഗത്തിനും ചിത്രം പകര്‍ത്താനും ക്വട്ടേഷന്‍ കൊടുത്തെന്ന രാജ്യത്തെ തന്നെ അത്യപൂര്‍വ കേസില്‍ എട്ടുവര്‍ഷത്തെ അന്വേഷണ, വിചാരണ കോലാഹലങ്ങള്‍ കഴിഞ്ഞപ്പോള്‍ കാറ്റുപോയ ബലൂണ്‍ പോലെയായി പ്രോസിക്യൂഷന്‍ വാദങ്ങള്‍. എല്ലാം പോലീസിന്റെ തിരക്കഥയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആരോപണം. അപ്പോഴും ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി ചെയ്തു എന്ന പ്രധാന ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും കൂട്ടരും സ്വന്തമായി ചെയ്ത പ്രവൃത്തി എന്ന നിലയിലാണ് ദിലീപും കൂട്ടരും ഇതിനെ വിശേഷിപ്പിച്ചത്. അത് അപ്പാടെ വിശ്വസിച്ചാണ് അന്വേഷണവും നീങ്ങിയത്. അതിനപ്പുറത്തേക്ക് കടക്കാനോ കണ്ടെത്താനോ പോലീസും മെനക്കെട്ടില്ല എന്നതാണ് വസ്തുത.

വിചാരണ കോടതി എട്ടുവര്‍ഷത്തിനുശേഷം നടത്തിയ കണ്ടെത്തല്‍, സംഭവം നടന്നു ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ വിളിച്ചു പറഞ്ഞതാണ് എന്നതാണ് വിചിത്രം. 2017 ഫെബ്രുവരി 17 നാണ് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സംഭവം ക്വട്ടേഷനാണെന്നു അതിജീവിതയോടു പറഞ്ഞാണ് പള്‍സര്‍ സുനി ക്രൂരത കാണിച്ചത്. ഈ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടന്നു മഞ്ജുവാര്യര്‍ അടക്കം ആരോപിച്ചതിനു തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൂഡാലോചന തള്ളി രംഗത്തുവന്നത്.
സംഭവം നടന്നു ഏഴാം ദിവസം പിണറായി വിജയന്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ പ്രസംഗിച്ചത് ഇത് പള്‍സര്‍ സുനിയുടെ ക്രിമിനല്‍ ബുദ്ധിയില്‍ തോന്നിയ കുറ്റകൃത്യം ആണെന്നും പ്രതികളെല്ലാം പിടിയിലായെന്നുമാണ്. ദിലീപിലേയ്ക്ക് പോലീസ് അന്വേഷണം നീളുന്നതിനു മുന്നേ പോലീസ് മന്ത്രിയായ മുഖ്യമന്ത്രി തന്റെ തീര്‍പ്പു പ്രഖ്യാപിച്ചു. താന്‍ നിരപരാധിയാണെന്ന് പറഞ്ഞു സംഭവം നടന്നു അഞ്ചാം ദിവസം ദിലീപ് മുഖ്യമന്ത്രിയ്ക്ക് സന്ദേശവും അയച്ചിരുന്നു. പിന്നീട് ദിലീപ് അറസ്റ്റിലാവുകയും 83 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞെങ്കിലും എട്ടാം പ്രതിയാക്കിയ ദിലീപിനെതിരെ വിശ്വസനീയമായ തെളിവുകള്‍ ശേഖരിക്കാനും അന്വേഷണം കുറ്റമറ്റതാക്കാനും പൊലീസിന് കഴിഞ്ഞില്ല. സംഭവം ഷൂട്ട്‌ ചെയ്ത ഫോണടക്കം മിസിങ് ആയി. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കുക എന്ന കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യം ആണ് നടന്നത്. അതും എറണാകുളം പോലുള്ള മെട്രോ സിറ്റിയില്‍ മണിക്കൂറുകളോളം ഓടുന്ന കാറിലാണ് സംഭവം നടന്നത് എന്നതും കേരളത്തിലെ അറിയപ്പെടുന്ന നടിയാണ് ക്രൂരമായി ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടത് എന്നതും കേരളത്തിലെ സ്ത്രീ സുരക്ഷ എത്ര ദയനീയമാണ് എന്നതിന്റെ തെളിവാണ്.

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനം ആയിട്ടും ഇത്ര വലിയ പീഡനം നഗരമധ്യത്തില്‍ നടന്നിട്ടും പ്രതികള്‍ കൂളായി കടന്നുപോയി എന്നതാണ് അതിശയകരം. മാഫിയവത്കരണം സകല മേഖലയിലും പിടിമുറുക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസിന്റെ വഴിത്തിരിവുകള്‍. രാഷ്ട്രീയ കൊലപാതക കേസുകളില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാറുണ്ടെങ്കിലും അതിന്റെ പിന്നിലെ നടത്തിപ്പുകാരും ആസൂത്രകരും എന്നും സുരക്ഷിതരായിരിക്കും. ഈ ബലാല്‍സംഗ ക്വട്ടേഷനിലും അതാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ സ്ത്രീ സുരക്ഷ കുറ്റമറ്റതാക്കി നിലനിര്‍ത്താനും വേട്ടക്കാരെ പിന്തുടര്‍ന്ന് നേരിടാനും ഒരു വി എസ് അച്യുതാനന്ദന്‍ ഇല്ലാതെ പോയി.

ഈ കേസിലെ അട്ടിമറികളും അണിയറക്കളികളും ആരും വേണ്ട രീതിയില്‍ വിലയിരുത്തുകയോ ചര്‍ച്ച ചെയ്യുകയോ ഇപ്പോഴും ചെയ്യുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം. 'പ്രതികള്‍ പിടിക്കപ്പെട്ടു', 'അവള്‍ക്കൊപ്പം', 'അതിജീവിതക്കൊപ്പം' എന്നൊക്കെയുള്ള തള്ളലുകള്‍ കേട്ടും അന്വേഷിച്ചു നശിപ്പിച്ച കേസില്‍ ഇനി അപ്പീല്‍ നല്‍കും എന്നുള്ള പ്രഖ്യാപനവും കേട്ട് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു പോകേണ്ടതാണ്! ഇവിടെ സ്ത്രീ സുരക്ഷ ഇങ്ങനൊക്കെയാണ് ഭായ്!

  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  • റീവ്‌സിന്റെ ബജറ്റിന്റെ ആദ്യ ഇര! ഒബിആര്‍ മേധാവി രാജിവെച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions