കൊച്ചി: കോളിളക്കം സൃഷ്ടിച്ച നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവും പിഴയും. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ക്കാണ് 20 വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചത്. പ്രതികള്‍ക്ക് റിമാന്‍ഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വൈകിട്ടു നാലരയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വര്‍ഷത്തെ ശിക്ഷയും ലഭിച്ചു. എന്നാല്‍ എല്ലാ ശിക്ഷയും കൂടി ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.
കോളിളക്കം ഉണ്ടായ കേസാണിതെന്ന് കോടതി പറഞ്ഞു. 'വലിയ ട്രോമയാണ് ആ പെണ്‍കുട്ടി അനുഭവിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. 40ല്‍ താഴെയുള്ളവരാണ് എല്ലാ പ്രതികളും'- കോടതി വ്യക്തമാക്കി. 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും വിധി പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4.45 ഓടെയാണ് വിധി പ്രസ്താവിച്ചത്.
നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടാംപ്രതി നടന്‍ ദിലീപ് ഉള്‍പ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിട്ടയക്കപ്പെട്ടെങ്കിലും ഒന്‍പതാം പ്രതി സനില്‍കുമാര്‍ പോക്സോ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ തുടരും.
നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്. എന്നാല്‍ ആര്‍ക്കുവേണ്ടി എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.