ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ആഴ്ചയില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കും എന്നത് ഏതാണ്ട് ഉറപ്പായതോടെ ബാങ്കുകള്‍ തമ്മിലുള്ള മോര്‍ട്ട്‌ഗേജ് പോര് തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യമായി പലിശ നിരക്ക് താഴെ വരികയാണ്. ജനുവരിയില്‍ നിരക്കുകള്‍ 3.5 ശതമാനത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷ ഇതോടെ ശക്തമായി. ബ്രിട്ടനിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്സ് അവരുടേ ഫിക്സ്ഡ് റേറ്റ് ഡീലുകളില്‍ 0.17 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ 3.57 ശതമാനം പലിശ നിരക്കില്‍ വരെയുള്ള ഡീലുകളാണ് ഈ ഹൈസ്ട്രീറ്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്.
ഈയാഴ്ച പല വായ്പാ ദാതാക്കളും പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പുറകെയാണ് വന്‍ ഇളവ് പ്രഖ്യാപിച്ച് ഹാലിഫാക്സും രംഗത്തെത്തിയത്. നേരത്തേ നാറ്റ്വെസ്റ്റ്, ബാര്‍ക്ലേസ്, നേഷന്‍വൈഡ് എന്നിവരും പലിശയിളവ് പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏറ്റവും ആകര്‍ഷണീയമായ ഒന്ന് സാന്റാന്‍ഡേഴ്സ് പ്രഖ്യാപിച്ച 3.51 ശതമാനത്തിന്റെ ഡീലാണ്. പുതുവത്സരാരംഭത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. 3 ശതമാനം വരെ പലിശ നിരക്ക് താഴാനിടയുണ്ടെന്ന് അവര്‍ പറയുന്നു.
40 ശതമാനം ഡെപ്പോസിറ്റ് നല്‍കി മോര്‍ട്ട്‌ഗേജിന് ശ്രമിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ 3.65 ശതമാനത്തിന് താഴെ പലിശ നിരക്കുള്ള അഞ്ച് ഡീലുകളാണ് ഉള്ളത്. റീമോര്‍ട്ട്‌ഗേജിന് ശ്രമിക്കുന്നവര്‍ക്കും ഇപ്പോള്‍ കുറഞ്ഞ നിരക്കിലുള്ള ഡീലുകള്‍ ലഭ്യമാണ്. ഇതിലും ഏറ്റവും മികച്ചതെന്ന് കണക്കാക്കുന്നത് നാറ്റ് വെസ്റ്റിന്റെ 3.66 ശതമാനം നിരക്കിലുള്ള രണ്ട് വര്‍ഷത്തെ ഡീലാണ്. എന്നാല്‍, ഇതിന് 1,454 പൗണ്ടിന്റെ ഫീസ് ഉണ്ടെന്നത് ഒരു വസ്തുതയാണ്. അടുത്ത വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനമാക്കി കുറയ്ക്കും എന്നാണ് കരുതുന്നത് .
അതേസമയം, റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഭാരം മൂലം പണപ്പെരുപ്പം താഴുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ബാങ്ക്. അടുത്ത വര്‍ഷം അരശതമാനം പോയിന്റെങ്കിലും പണപ്പെരുപ്പം കുറയുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധിപ്പിക്കുന്നതിനൊപ്പം, ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാനും മടിക്കാത്ത ചാന്‍സലറുടെ ബജറ്റ് മൂലം 2026 മധ്യത്തില്‍ പണപ്പെരുപ്പം 0.5 ശതമാനം പോയിന്റ് താഴുമെന്നാണ് കരുതുന്നത്.
റീവ്‌സിന്റെ നികുതി ചുമത്തല്‍ തല്‍ക്കാലത്തേക്ക് പണപ്പെരുപ്പം താഴാന്‍ സഹായിക്കുമെങ്കിലും മറ്റ് നയങ്ങള്‍ നിരക്ക് കൂടാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എംപ്ലോയ്‌മെന്റ് ചെലവുകള്‍ ഉയര്‍ന്നതോടെ നിരക്ക് വര്‍ദ്ധനവുകള്‍ നടപ്പാക്കാന്‍ ബിസിനസുകള്‍ നിര്‍ബന്ധിതമാകുന്നതാണ് ഇതിന് ഇടയാക്കുന്നത്.