നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ അതിജീവിതക്ക് പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കോടതിയോട് ആദരവുണ്ടെന്നും നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ലെന്നും മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്നും മഞ്ജു വാര്യര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആക്രമണം ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ എന്നും മഞ്ജു വാര്യര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവ ള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ് എന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം
-മഞ്ജു വാര്യര്‍
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സിനിമാപ്രവര്‍ത്തകരുടെ യോഗത്തില്‍ വച്ചാണ് സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു മഞ്ജു വാര്യര്‍ ആരോപിക്കുന്നത്. അതോടെയാണ് വിഷയം ചര്‍ച്ചയാവുന്നതും ദിലീപിലേയ്ക്ക് എത്തുന്നതും. ഒടുക്കം കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ് ആദ്യമായി നടത്തിയ പ്രതികരണം തന്നെ മഞ്ജുവിനെതിരെയായിരുന്നു. മഞ്ജു ഗൂഡാലോചന ആരോപിച്ചതിനു പിന്നാലെയാണ് തന്നെ കുടുക്കാന്‍ ശ്രമം നടന്നത് എന്നാണു ദിലീപറഞ്ഞത്. മഞ്ജുവിനെ ലക്ഷ്യമിട്ടാരുന്നു അത്.കേസിന്റെ ഒരു ഘട്ടത്തിലും പരസ്യ പ്രതികരണത്തിന് തയ്യാറാവാതെ നിന്നാണ് മഞ്ജു നിലപാട് കടുപ്പിക്കുന്നത്.