രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ ആണ് വിചാരണക്കോടതി വിധിച്ചത്. ആ സംഭവത്തോടെ സ്ത്രീകള്‍ക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ എന്ന നിലയിലേയ്ക്ക് ഉന്നത കോടതികള്‍പോലും എത്തി. സ്ത്രീ സുരക്ഷ അത്രയേറെ വെല്ലുവിളികള്‍ നേരിടുന്ന സമയമാണ്. അപ്പോഴാണ് കേരളത്തില്‍, രാജ്യത്തെ ആദ്യത്തെ ബലാല്‍സംഗ ക്വട്ടേഷനിലെ പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ട ബലാല്‍സംഗത്തിനു ഇരയായ യുവതിയ്ക്കൊപ്പം സിസ്റ്റം ഒന്നടങ്കം നിന്നു. നീതിക്കായി ജനം തെരുവിലിറങ്ങി. ഭരണകൂടം മാറേണ്ടിവന്നു. അവിടെ കുറ്റകൃത്യം യാദൃശ്ചികമായിരുന്നു. രാത്രി യുവതിയെ ബസില്‍ കണ്ട അതിലെ ജീവനക്കാരായ അക്രമികള്‍ ക്രൂരത അഴിച്ചുവിടുകയായിരുന്നു. പരമാവധി ചെറുത്ത യുവതി മരണം വരെയും പ്രതികള്‍ക്കെതിരെ പോരാടി. അങ്ങനെയവള്‍ അതിജീവിതയായി, നിര്‍ഭയയായി. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുകയും ചെയ്തു. സ്ത്രീ പീഡകര്‍ക്കു ശക്തമായ താക്കീതായി ആ വിധി മാറുകയും ചെയ്തു.
എന്നാല്‍ കൊച്ചിയിലെ അതിജീവിതയ്ക്കു ലഭിച്ചത് പിന്തുണയും സഹാനുഭൂതിയുമല്ല, മറിച്ചു അധിക്ഷേപവും പിന്നെയും പിന്നെയുമുള്ള വേട്ടയാടലുകളാണ്. കോടതിയ്ക്കുള്ളിലും പുറത്തും അവര്‍ വേട്ടയാടപ്പെട്ടു. അതിജീവിത എന്ന പരിഗണന പോലും നിഷേധിക്കപ്പെട്ടു. പ്രതികളുടെ ഡസന്‍ കണക്കിന് അഭിഭാഷകര്‍ക്ക് കൊത്തിപ്പറിയ്ക്കാന്‍ ഇട്ടുകൊടുത്തു. ഓടുന്ന കാറില്‍ ക്രൂരമായ ലൈംഗിക അതിക്രമത്തിനു ഇരയായ നടി അതിജീവിതയായി പേരാടി. എന്നാല്‍ പ്രതിഭാഗം കരുത്തരായിരുന്നു. രാഷ്ട്രീയ-സിനിമാ മാഫിയ ഒന്നടങ്കം നടിയ്‌ക്കെതിരെ നിന്നു.
ഇത് വെറുമൊരു ബലാല്‍സംഗമല്ല, മറിച്ചു ക്വട്ടേഷന്‍ ബലാല്‍സംഗമായിരുന്നു. അതായതു മറ്റൊരാള്‍ക്കുവേണ്ടി, അവരുടെ പണം വാങ്ങി ചെയ്ത ഹീനകൃത്യം. ലൈംഗിക അതിക്രമത്തിന്റെ ചിത്രം പകര്‍ത്തുകയും ലക്ഷ്യമായിരുന്നു. അതും ക്വട്ടേഷന്റെ ഭാഗം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായിട്ടും, രാജ്യത്തെ ആദ്യത്തെ ബലാല്‍സംഗ ക്വട്ടേഷന്‍ ആയിട്ടും ആ ഗൗരവം നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം ഒക്കെ പരിഗണിച്ചാണ് കോടതി കുറഞ്ഞ ശിക്ഷ നല്‍കിയത്. ബലാല്‍സംഗ ക്വട്ടേഷന്‍ എടുക്കുന്ന മുപ്പതുകളിലുള്ള പ്രതികള്‍ക്ക് അതിന്റെ ഗൗരവം അറിയില്ലെന്ന നിരീക്ഷണം എത്ര ബാലിശമാണ്. അറുപതു വയസ് കഴിഞ്ഞാണോ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ വിധിക്കേണ്ടത്?
ആറുപ്രതികള്‍ക്കും ജീവപര്യന്തം പോലും ലഭിച്ചില്ല. ഭാവിയില്‍ ഇത്തരം ക്വട്ടേഷനുകള്‍ക്കു വലിയ പ്രോത്സാഹനമായിരിക്കുമിത്. കുറഞ്ഞ ശിക്ഷയും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവുമൊക്കെ നോക്കി ആസൂത്രകര്‍ക്കു ക്വട്ടേഷനുകള്‍ കൊടുത്താല്‍ മതിയല്ലോ.
"നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്" അതിജീവിത പ്രതികരിച്ചത് ഇങ്ങനെയാണ്. അഥവാ സിസ്റ്റം അവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചു
ഈ കേസില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമാണ് നല്‍കപ്പെട്ടത്- അതിജീവിത പറഞ്ഞത് ഇങ്ങനെ.
കണ്ണുള്ളവര്‍ കാണുക, കാതുള്ളവര്‍ കേള്‍ക്കുക