യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ തള്ളി റസിഡന്റ് ഡോക്ടര്‍മാര്‍ അഞ്ച് ദിവസത്തെ പണിമുടക്കിന് തുടക്കം കുറിയ്ക്കുമ്പോള്‍ എന്‍എച്ച്എസ് കനത്ത സമ്മര്‍ദത്തിലാകുമെന്ന് ആശങ്ക. ചുരുങ്ങിയത് 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും ഈയാഴ്ച റദ്ദാക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇക്കുറി കൂടുതല്‍ രോഗികളെ ബാധിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. റെക്കോര്‍ഡ് തോതില്‍ സൂപ്പര്‍ഫ്‌ളൂ പടര്‍ന്നുപിടിക്കുന്നതും, ക്രിസ്മസും ജീവനക്കാരുടെ ഹോളിഡേയും ഒരുമിച്ച് വരുന്ന ഘട്ടത്തിലാണ് സമരങ്ങള്‍.

ഇതോടെ ക്രിസ്മസും, ന്യൂഇയറും എന്‍എച്ച്എസിലെ മറ്റുള്ള ജീവനക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള സീസണായി മാറും. രോഗികളെ സംബന്ധിച്ചാകട്ടെ ചികിത്സ എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയുമാകും. വരും ദിവസങ്ങളില്‍ രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ഡിസ്ചാര്‍ജ്ജും കാലതാമസം നേരിടും. ആഘോഷ സമയത്ത് വീടുകളില്‍ മടങ്ങിയെത്താന്‍ കഴിയുമെന്നും ഉറപ്പില്ല.

എന്‍എച്ച്എസിന് സാധിക്കാവുന്ന ഏറ്റവും വലിയ വിനാശം സമ്മാനിക്കാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സമരത്തിന് ഈ സമയം തെരഞ്ഞെടുത്തതെന്ന് ഹെല്‍ത്ത് മന്ത്രി സ്റ്റീഫന്‍ കിനോക്ക് കുറ്റപ്പെടുത്തി. പ്രായമായവരെ ഈ അവസ്ഥ സാരമായി ബാധിക്കുമെന്ന് ഏജ് യുകെ ചാരിറ്റി ഡയറക്ടര്‍ കരോളി അബ്രഹാംസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ 7 മുതല്‍ തിങ്കളാഴ്ച രാവിലെ 7 വരെയാണ് ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം. 26 ശതമാനം ശമ്പളവര്‍ധനവാണ് ഇവരുടെ ആവശ്യം. അധ്വാനിക്കുന്ന നഴ്‌സുമാര്‍ 5 ശതമാനത്തിന് അടുത്ത് മാത്രം വര്‍ധനയാണ് ലഭ്യമായത്.

സമരം ഒഴിവാക്കാനായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് പുതിയ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫര്‍ അംഗങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചപ്പോള്‍ 83 ശതമാനം പേരും ഇത് തള്ളാനാണ് വോട്ട് ചെയ്തത് എന്നാണു അവര്‍ പറഞ്ഞത് .

സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗ് പോസ്റ്റുകള്‍ വിപുലീകരിക്കാനും, എക്‌സാം ഫീസ് പോലെ പോക്കറ്റില്‍ നിന്നും ചെലവാകുന്ന തുക കവര്‍ ചെയ്യാമെന്നുമാണ് സ്ട്രീറ്റിംഗ് ഓഫര്‍ ചെയ്തത്. വിന്റര്‍ സമ്മര്‍ദത്തിനൊപ്പം പ്രതീക്ഷിച്ചതിലും നേരത്തെ ഫ്ലൂ സീസണ്‍ കൊണ്ടുപിടിച്ചതും ചേര്‍ന്നാണ് എന്‍എച്ച്എസില്‍ ദുരിതം സമ്മാനിക്കുന്നത്. ഈ ഘട്ടത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച് രോഗികളെ അപകടത്തിലാക്കുന്ന ഡോക്ടര്‍മാരുടെ പ്രഖ്യാപനങ്ങളെ സ്ട്രീറ്റിംഗ് അപലപിച്ചു.

അപകടം പിടിച്ച സമയത്ത് ക്രിസ്മസ് പണിമുടക്ക് നടത്തി എന്‍എച്ച്എസിന് ആഘാതം നല്‍കാനാണ് ബിഎംഎ തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിലേക്ക് ഇത് മാറ്റിവെയ്ക്കാന്‍ പോലും ഇവര്‍ തയാറായില്ല. രോഗികളുടെ സുരക്ഷയോ, മറ്റ് എന്‍എച്ച്എസ് ജീവനക്കാരുടെ അവസ്ഥയോ ബിഎംഎയ്ക്ക് പ്രശ്‌നമല്ല, സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions