റഷ്യയില്‍ നിന്നുള്ള യുദ്ധഭീഷണി നേരിടാന്‍ സൈന്യം മാത്രം പോര, രാജ്യത്തെ മുഴുവന്‍ ജനങ്ങളും സജ്ജരാകണമെന്ന് യുകെ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ശീതയുദ്ധകാലത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് ജനതയ്ക്ക് ഇത്തരത്തിലുള്ള ഗൗരവകരമായ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്.
തിങ്കളാഴ്ച ലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (RUSI) നടക്കുന്ന ചടങ്ങില്‍ എയര്‍ ചീഫ് മാര്‍ഷല്‍ സര്‍. റിച്ചാര്‍ഡ് നൈറ്റണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.
എല്ലാവരും പങ്കാളികളാകണം: പ്രതിരോധം സൈന്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. NHS, ഗതാഗതം, വ്യവസായം, സര്‍വകലാശാലകള്‍ തുടങ്ങി സിവില്‍ സമൂഹത്തിലെ എല്ലാ മേഖലകളും യുദ്ധസാഹചര്യം നേരിടാന്‍ 'ഓള്‍-ഇന്‍ മെന്റാലിറ്റി' കൈവരിക്കണം.
വ്‌ലാഡിമിര്‍ പുട്ടിന്റെ ഉദ്ദേശം നാറ്റോ സഖ്യത്തെ തകര്‍ക്കുക എന്നതാണെന്നും, അത് യുകെയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും നൈറ്റണ്‍ വ്യക്തമാക്കി.
'യുദ്ധമുഖം ഇപ്പോള്‍ അതിര്‍ത്തികളില്‍ മാത്രമല്ല, എല്ലായിടത്തുമാണ്' എന്ന മുന്നറിയിപ്പുമായി MI6-ന്റെ പുതിയ മേധാവി ബ്ലെയ്‌സ് മെട്രെവെലി രംഗത്തെത്തി. ഒക്ടോബറില്‍ ചുമതലയേറ്റ മെട്രെവെലി, യുകെയുടെ ചാരസംഘടനയുടെ ആദ്യ വനിതാ മേധാവിയാണ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം കണ്ടിട്ടില്ലാത്ത വിധം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശീതയുദ്ധകാലത്ത് യുദ്ധസാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട രീതികളെക്കുറിച്ച് 'ഗവണ്‍മെന്റ് വാര്‍ ബുക്ക്' നിലവിലുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അത് ഉപേക്ഷിച്ചിരുന്നുവെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യം വീണ്ടും 'വാര്‍ ഫൂട്ടിങ്ങിലേക്ക്' മാറേണ്ടതിന്റെ സൂചനയാണ് പുതിയ പ്രസ്താവനകള്‍ നല്‍കുന്നത്.
പ്രതിരോധ ബജറ്റ് ജിഡിപിയുടെ 3.5 ശതമാനമായി ഉയര്‍ത്താന്‍ 10 വര്‍ഷമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് വളരെ സാവധാനത്തിലുള്ളതാണെന്നും, ഭീഷണി നേരിടാന്‍ ഇത് മതിയാകില്ലെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.