തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്. മുഖപത്രമായ 'ദീപിക'യിലെ ലേഖനത്തിലാണ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ഡോ. ഫിലിപ്പ് കവിയില്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മലയോര കര്‍ഷകരുടെ വികാരം, ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അതൃപ്തി എന്നിവ ഇടതുപക്ഷത്തിനെതിരായി എന്നും പല നയങ്ങളും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി എന്നും ഫാ.ഫിലിപ്പ് കവിയില്‍ വിമര്‍ശിച്ചു.
അധികാരത്തിന്റെ അഹങ്കാരം, ഭരണവര്‍ഗത്തിന്റെ ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കി എന്നാണ് വിമര്‍ശനം. ഇടതുപക്ഷ സര്‍ക്കാര്‍ ക്രൈസ്തവരുടെ ആശങ്കകള്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ല. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള സമീപനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നും നാടിന്റെ സാമൂഹിക - സാംസ്‌കാരിക രംഗങ്ങളില്‍ ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ തിരിച്ചറിഞ്ഞ് സാമൂഹികനീതിയിലും ഭരണഘടന അമൂല്യങ്ങളിലും അധിഷ്ഠിതമായ നയങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ലേഖനത്തില്‍ പറയുന്നു.
ഇടതുപക്ഷം ജനങ്ങളുമായി സംവദിക്കുന്നത് കുറഞ്ഞു എന്ന വിമര്‍ശനവും ഫാ. ഫിലിപ്പ് കവിയില്‍ മുന്നോട്ടുവെക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ മലയോര മേഖല, തൃശൂര്‍, ചാലക്കുടി - ഇരിഞ്ഞാലക്കുട പ്രദേശങ്ങള്‍, തീരമേഖലകള്‍ എന്നിവിടങ്ങളിലും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി. ജനങ്ങളുമായി ഇടതുപക്ഷം സംവദിക്കുന്നത് കുറഞ്ഞുപോയതാണ് ഇതിന് കാരണം എന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ 'ന്യൂനപക്ഷ സൗഹൃദം' എന്ന രാഷ്ട്രീയ മുദ്രാവാക്യം ഫയലുകളില്‍ ഒതുങ്ങി എന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ നിലപാടുകാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം, സഭ - സമുദായ നേതൃത്വവുമായുള്ള ആശയവിനിമയത്തിലെ പാളിച്ചകള്‍, വിദ്യാഭ്യാസ രംഗത്തെ പക്ഷപാതകരമായ നയങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. ഇതിന് പുറമെ മലയോര മേഖലയിലെ കര്‍ഷകപ്രതിസന്ധിയില്‍ പരിഹാരമുണ്ടാകാത്തതിനെയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ഷകരുടെ കടബാധ്യത, വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകാത്തത്, വിളനാശത്തിന് കാര്യമായ നഷ്ടപരിഹാരം നല്‍കാതിരിക്കുക തുടങ്ങിയവ തിരിച്ചടിയായി എന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.