യു.കെ.വാര്‍ത്തകള്‍

വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന

യുകെയിലെ വീട് വിലയില്‍ അടുത്ത വര്‍ഷം നാലു ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് വായ്പാദാതാവായ നേഷന്‍വൈഡ് പ്രവചിക്കുന്നത്. വിലയില്‍ രണ്ടു മുതല്‍ നാലു ശതമാനം വരെ വര്‍ധനവുണ്ടാകും എന്നാണ് നേഷന്‍വൈഡ് ബിലിഡിംഗ് സൊസൈറ്റിയിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ റോബര്‍ട്ട് ഗാര്‍ഡനര്‍ പറയുന്നത്. അതിനു പുറമെ രാജ്യത്തെ വീട് വിലയില്‍ തെക്കന്‍ മേഖലയും വടക്കന്‍ മേഖലയും തമ്മിലുള്ള അന്തരം ഈ വര്‍ഷം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വീട് വിലയില്‍ അടുത്ത വര്‍ഷം ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് മറ്റൊരു വായ്പാദാതാവായ ഹാലിഫാക്സ് പ്രവചിക്കുന്നത്. വേതന വര്‍ധനവിനെ തുടര്‍ന്ന് ആദ്യ വീട് വാങ്ങാനായി മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം മോര്‍ട്ട്‌ഗേജ് വിപണിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്ന് ഫിനാന്‍സ് കണ്ടക്റ്റ് ഏജന്‍സിയും അറിയിച്ചിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് പ്രക്രിയ കൂടുതല്‍ ലളിതവത്ക്കരിക്കുന്നതിനുള്ള നടപടികളാണ് കൈക്കൊള്ളുക.

ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് തുകയിലും വര്‍ദ്ധനവുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച്, ആദ്യ വീടു വാങ്ങുന്നതിനായി എടുത്ത ശരാശരി മോര്‍ട്ട്‌ഗേജ് 2,10,800 പൗണ്ടാണ്. ഇത് ഒരു റെക്കോര്‍ഡ് വര്‍ദ്ധനവാണെന്നാണ് പ്രോപ്പര്‍ട്ടി ഏജന്റായ സാവില്‍സ് പറയുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ ഗൃഹ വിപണിയില്‍ ചെലവഴിച്ച തുകയില്‍ 20 ശതമാനവും ചെലവഴിച്ചത് ആദ്യ വീട് വാങ്ങുന്നവരാണെന്നും അവര്‍ പറയുന്നു. 2007ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്.

ലണ്ടന്‍ പോലുള്ള ചിലയിടങ്ങളില്‍ മൊത്തം വിപണിയുടെയും പകുതിയിലേറെ കൈയ്യടക്കിയത് ആദ്യ വീട് വാങ്ങുന്നവരായിരുന്നു എന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. മറ്റൊരു റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഹാംപ്ടണ്‍സിന്റെ വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അതിനിടെ, മോര്‍ട്ട്‌ഗേജ് പ്രക്രിയയില്‍ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ 2026 മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് എഫ് സി എ വ്യക്തമാക്കിയിരിക്കുന്നത്. വീടുകള്‍ വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് എളുപ്പത്തില്‍ ലഭിക്കുന്നതിനും, അതിനുള്ള പ്രക്രിയകള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാകും വരുത്തുക.

വരുമാനത്തിനനുസരിച്ച് ഒരു വ്യക്തിക്ക് എത്ര തുക വായ്പയായി എടുക്കാം എന്ന പരിധി സംബന്ധിച്ചായിരിക്കും ഒരു മാറ്റം വരിക. നിലവില്‍ വരുമാനത്തിന്റെ നാലര ഇരട്ടിവരെയാണ് ഒരാള്‍ക്ക് വായ്പ എടുക്കാന്‍ കഴിയുക. അതോടൊപ്പം, പലിശ ഉയരുന്ന സാഹചര്യത്തിലും വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്നകാര്യം പരിശോധിക്കാനുള്ള നടപടികളും ഉണ്ടാകും.

ഈ വര്‍ഷം തലസ്ഥാനത്ത് നടത്തിയ വാങ്ങലുകളില്‍ പകുതിയില്‍ ഏറെയും ആദ്യത്തെ വീട് വാങ്ങിയവരുടെ വകയായിരുന്നുവെന്ന് എസ്റ്റേറ്റ് ഏജന്റ് ഹാംപ്ടണ്‍സ് വെളിപ്പെടുത്തി. ഈ കാലയളവില്‍ ആദ്യത്തെ വീട് വാങ്ങിയ 390,000 പേര്‍ക്കായി മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ 82.8 ബില്ല്യണ്‍ പൗണ്ട് ലോണ്‍ നല്‍കിയെന്ന് സാവില്‍സ് പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനമാണ് വര്‍ദ്ധന.

പരമ്പരഗാത രീതി വിട്ട് ഫ്ലാറ്റിന് പകരം വീട് വാങ്ങുന്നതാണ് ആദ്യത്തെ വീട് വാങ്ങുന്നവരുടെ മോര്‍ട്ട്‌ഗേജിന് വലുപ്പം കൂട്ടുന്നത്. കൂടാതെ ഇവരുടെ ശരാശരി പ്രായം ഇപ്പോള്‍ 34 വയസ്സാണ്. പ്രോപ്പര്‍ട്ടി വിപണിയില്‍ ചുവടുവെയ്ക്കുമ്പോഴേക്കും ഇവരില്‍ 31 ശതമാനം പേര്‍ക്കും കുട്ടികളുമുണ്ട്.

വര്‍ഷം അവസാനിക്കാന്‍ പോകുമ്പോള്‍ ബ്രിട്ടനില്‍ ശരാശരി ചോദിക്കുന്ന വിലയില്‍ 2024-നെ അപേക്ഷിച്ച് 2059 പൗണ്ടിന്റെ കുറവുണ്ട്. ഡിസംബറിലെ ശരാശരി ചോദിക്കുന്ന വില 358,138 പൗണ്ടിലാണെന്ന് റൈറ്റ്മൂവ് പറയുന്നു.

  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions