യു.കെ.വാര്‍ത്തകള്‍

മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി


യുകെയിലെ വാര്‍വിക്ഷെയറില്‍ മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന കേസില്‍ നഴ്‌സിങ് ഹോം മാനേജരായിരുന്ന നഴ്‌സിനെ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) ജോലിയില്‍ നിന്നു സ്ഥിരമായി പുറത്താക്കി. ഇംഗ്ലീഷുകാരി മിഷേല്‍ റോജേഴ്‌സിനെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് പിന്‍ നമ്പര്‍ നഷ്ടമായി.

മലയാളി യുവതിയുടെ പിന്‍ ഇല്ലാതാക്കി രാജ്യത്തു നിന്നു പുറത്താക്കാന്‍ ശ്രമിച്ച കേസില്‍ യുവതിക്കായി ഹാജരായ അഭിഭാഷകന്‍ ബൈജു തിട്ടാലയിലിന്റെ വാദം അംഗീകരിച്ച എന്‍എംസി നേരത്തേ മലയാളി നഴ്‌സിനെ കുറ്റവിമുക്തയാക്കിയിരുന്നു. വീസ സ്‌പോണ്‍സര്‍ഷിപ് റദ്ദാക്കും എന്നു ഭീഷണിപ്പെടുത്തി ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരോട് ഇവര്‍ ക്രൂരമായാണ് പെരുമാറിയിരുന്നത് എന്ന് എന്‍എംസി കണ്ടെത്തി. തുടര്‍ച്ചയായി എട്ടു ദിവസം വരെ രാത്രി ജോലി ചെയ്യിച്ചതും 'ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല; എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും നഴ്‌സുമാരെ പരിഹസിച്ചിരുന്നതായും പാനല്‍ കണ്ടെത്തി.

ഗ്രഹാം തോമസ് ഗാര്‍ഡ്‌നര്‍, ദെബോര ആന്‍ ബെന്യന്‍, മാത്യു ജേംസ് കാര്‍ക്‌സണ്‍ എന്നിവരുടെ പാനലാണ് എന്‍എംസിക്കു വേണ്ടി ഹാജരായത്. ഏഷ്യക്കാരോടു ആദ്യം മുതല്‍ വെറുപ്പോടെ പെരുമാറിയിരുന്ന ഇവര്‍ ഇത് ജോലിയില്‍ പ്രകടമാക്കി തുടങ്ങിയെന്നും നഴ്‌സിങ് ഹോമില്‍ ഭീകരാന്തരീക്ഷമാണു സൃഷ്ടിച്ചിരുന്നതെന്നും പറയുന്നു. എല്ലാത്തിലും കുറ്റം കണ്ടെത്തി രേഖകളാക്കിയതോടെ തങ്ങള്‍ക്കു പരിശീലനം വേണമെന്നു നഴ്‌സുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറായില്ലെന്നു മാത്രമല്ല, നിര്‍ദേശാനുസരണം ജോലി ചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് റദ്ദാക്കി പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനായി ഇവര്‍ ചെറിയ തെറ്റുകളെ പോലും വലുതാക്കി കാണിച്ച് എന്‍എംസിയില്‍ റിപ്പോര്‍ട്ടു ചെയ്തു.


മറ്റൊരു സ്ഥാപനത്തില്‍ യുവതി ജോലിക്കു ശ്രമിച്ചതോടെ ഇവര്‍ക്കെതിരായി മോശം റഫറന്‍സ് നല്‍കുകയും പിരിച്ചു വിട്ടതാണ്, ജോലി നല്‍കരുതെന്നു നിര്‍ദേശിച്ചിരുന്നതായും പറയുന്നു. ഇതോടെ രാജ്യം വിടേണ്ട സാഹചര്യം ഉണ്ടായ യുവതി മലയാളി ക്രിമിനല്‍ അഭിഭാഷകന്‍ ബൈജു തിട്ടാലയെ സമീപിച്ച് കേസില്‍ തനിക്കായി ഹാജരാകണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. യുവതിയുടെ സാഹചര്യം മനസിലാക്കി കേസില്‍ ഇടപെടുകയായിരുന്നു എന്നു ബൈജു തിട്ടാല പറയുന്നു.

ഏഴു ദിവസം എന്‍എംസി നടത്തിയ വിചാരണയില്‍ ഹാജരാകാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്നു ഹൈക്കോടതി സമന്‍സില്‍ ഇവര്‍ക്കു ഹാജരാകേണ്ടി വന്നു. എന്‍എംസി വിചാരണയില്‍ യുവതി നിരപരാധിയാണെന്നു കണ്ടെത്തി കുറ്റവിമുക്തയാക്കിയിരുന്നു. തുടര്‍ന്ന് എന്‍എംസി മിഷേലിനെതിരെ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്ത് നഴ്‌സിനെ സാക്ഷിയാക്കി. എന്‍എംസിയുടെ അന്വേഷണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ കുടിയേറ്റ പദവി മുതലെടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും കീഴ്‌പ്പെടുത്തുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത് എന്ന് കണ്ടെത്തി. ജോലിയില്‍ പ്രവേശിച്ച നഴ്‌സുമാര്‍ക്ക് മനപ്പൂര്‍വം മരുന്നു നല്‍കുന്നതില്‍ ഉള്‍പ്പെടെ ഇവര്‍ പരിശീലനം നല്‍കിയില്ലെന്നും കണ്ടെത്തി. ഇതിനു പുറമേ അന്വേഷണത്തോട് ഇവര്‍ മനപ്പൂര്‍വം നിസഹകരിച്ചെന്നും എന്‍എംസി ഹിയറിങ്ങില്‍ വിസ്താരത്തിനു വിധേയപ്പെടാതെ പാതിവഴിയില്‍ ഇറങ്ങിപ്പോയെന്നതും ഇവര്‍ക്കു വിനയായി.

മിഷേല്‍ റോജേഴ്‌സിന്റെ പെരുമാറ്റം നഴ്‌സിങ് ജോലിയുടെ അന്തസിനു നിരക്കാത്തതാണെന്നു കണ്ടെത്തിയ എന്‍എംസി ഇവരെ നഴ്‌സിങ് റജിസ്റ്ററില്‍ നിന്നു നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ ഇവര്‍ക്കിനി യുകെയില്‍നഴ്‌സായി ജോലി ചെയ്യാനാവില്ലെന്ന സാഹചര്യമാണുള്ളത്. കുറ്റക്കാരിയെന്നു കണ്ടെത്തിയിട്ടുള്ള മിഷേല്‍ റോജേഴ്സ് ഹിയറിംഗില്‍ നേരിട്ട് ഹാജരായിരുന്നില്ല.

അപ്പീല്‍ നല്‍കാന്‍ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, അപ്പീന്‍ കാലയളവിലും ഇവര്‍ക്ക് ജോലി ചെയ്യാനാകാത്ത വിധം 18 മാസത്തെ താല്‍ക്കാലിക സസ്‌പെന്‍ഷനും പാനല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം വംശീയ വിവേചനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്‍എംസി സ്വീകരിക്കുന്നത് എന്നു വ്യക്തമാക്കുന്നതായി ഈ ഉത്തരവെന്ന് അഭിഭാഷകന്‍ ബൈജു തിട്ടാല പറഞ്ഞു

  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions