നാട്ടുവാര്‍ത്തകള്‍

നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം

ശബരിമല സ്വര്‍ണകൊള്ള വിഷയമാക്കി വൈറലായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തില്‍ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ എടുത്ത കേസുകളില്‍ മെല്ലെപ്പോക്കിനും തുടര്‍ നടപടികള്‍ വേണ്ടെന്നുവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ വേണ്ടെന്ന സര്‍ക്കാര്‍ നീക്കം. പുതിയ കേസുകളോ തുടര്‍നടപടികളോ വേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ഗാനത്തില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. പാരഡി ഗാനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് കേസുമായി മുന്നോട്ട് പോകാതെ സര്‍ക്കാര്‍ പിന്തിരിയുന്നത്.

പ്രതിപക്ഷം ശക്തമായി വിഷയം ഏറ്റുപിടിച്ചതോടെ സിപിഎമ്മിന് കൂടുതല്‍ ക്ഷീണം തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായി. പാര്‍ട്ടി വലിയ പ്രതിരോധത്തിലാവുകയും വലിയ മൗലികാവകാശ ചര്‍ച്ചകളില്‍ പ്രതികൂട്ടിലാവുകയും ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ ഇനി തുടര്‍ നടപടി വേണ്ടെന്ന തീരുമാനം. ഇത് കോടതിയിലെത്തിയാല്‍ വലിയ തിരിച്ചടി സര്‍ക്കാരിന് കിട്ടുമെന്ന നിയമ വിദഗ്ധരുടെ ഉപദേശവും പിണറായി സര്‍ക്കാരിന്റെ യൂടേണിന് കാരണമായി.

കേസെടുക്കുന്നതിനെ ചൊല്ലി പൊലീസിന്റെ ഉന്നതകേന്ദ്രങ്ങളില്‍ത്തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍നിന്നു വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ നിയമോപദേശം തേടിയതിനു ശേഷം കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹംതന്നെ ഉണ്ടായി. ഇതേ ട്യൂണ്‍ ഉപയോഗിച്ച് നിര്‍മിച്ച മറ്റു പാട്ടുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളിലും കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയയ്ക്കില്ലെന്നും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നു പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് തീരുമാനം. ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമത്തില്‍ നിന്ന് നീക്കംചെയ്യണമെന്ന പോലീസ് നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മെറ്റയ്ക്ക് കത്തു നല്‍കുകയും ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions