നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്. ലൈംഗിക സ്വഭാവത്തോടെ പരാതിക്കാരിക്ക് നേരെ കുഞ്ഞുമുഹമ്മദ് കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍. മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രമം നടത്തി. കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും പൊലീസ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. ഈ വിവരങ്ങളടങ്ങിയ പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പൊലീസ് കോടതിയില്‍ ഹാജരാക്കി.
വാദം നടക്കുന്നതിനിടെ പരാതി വന്നത് വൈകിയാണെന്ന് പി ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. നവംബര്‍ ആറിന് നടന്ന സംഭവത്തില്‍ നവംബര്‍ 27ന് പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമായിരുന്നു പി ടി കുഞ്ഞുമുഹമ്മദിന്റെ വാദം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനാലാണ് പരാതിയില്‍ കാലതാമസം വന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. നാളെയാണ് കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധി പറയുക.
നവംബര്‍ ആറിന് രാത്രിയിലാണ് മുറിയിലേക്ക് വിളിച്ചു വരുത്തി ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് നേരെ കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയത്. സംഭവത്തിന് ശേഷം പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തക ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നാണ് കുഞ്ഞുമുഹമ്മദിന്റെ വാദം. പരാതിയില്‍ ദുരൂഹതയുണ്ടെന്നും തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവര്‍ത്തക സന്ദേശമയച്ചെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും കുഞ്ഞുമുഹമ്മദ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.