ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഇഫക്ട് മൂലം ആളുകളുടെ ഡിസംബര്‍ ഷോപ്പിംഗ് പ്രതിസന്ധിയില്‍. ബജറ്റിന്റെ പ്രത്യാഘാതമെന്നോണം ഇപ്പോള്‍ ജനങ്ങള്‍ ഷോപ്പിംഗ് കുറയ്ക്കുന്നുവെന്ന പരാതിയാണ് റീട്ടെയിലര്‍മാര്‍ പങ്കുവെയ്ക്കുന്നത്. ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതിവേട്ട കസ്റ്റമേഴ്‌സിന്റെ പഴ്‌സ് പൂട്ടിക്കെട്ടുകയാണ് ചെയ്തിരിക്കുന്നത്. നവംബറിലെ ബ്ലാക്ക് ഫ്രൈഡേ സെയില്‍സ് ജനങ്ങള്‍ കൈവിട്ടത് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
ഇത് ഡിസംബറിലും ആവര്‍ത്തിക്കുമെന്നാണ് ഷോപ്പുകള്‍ ഭയക്കുന്നത്. എന്നുമാത്രമല്ല പുതുവര്‍ഷത്തിലും സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നും ആശങ്കയില്‍ പറയുന്നു. ക്രിസ്മസിലേക്കുള്ള ഒരുക്കത്തിലാണ് ഷോപ്പുകള്‍ക്ക് ആശ്വാസമേകുന്ന ആവേശം പ്രകടമാകാറുള്ളത്.
ലേബര്‍ നയങ്ങള്‍ മൂലം ബിസിനസ്സ് നിരക്കുകള്‍ ഉയര്‍ന്നതും, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സിലെ വേട്ടയും, മിനിമം വേജ് കുത്തനെ ഉയര്‍ത്തിയതുമെല്ലാം ബിസിനസ്സുകള്‍ക്ക് ആഘാതമാണ്. ഇതിനൊപ്പമാണ് കച്ചവടവും കുറയുന്നത്. 'ഹൈസ്ട്രീറ്റിലെ തിരിച്ചടി പബ്ബിലും, റെസ്റ്റൊറന്റിലും, കാര്‍ ഷോറൂമിലും വരെ പ്രകടമാകുന്നുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വില്‍പ്പന കുറഞ്ഞതായി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി വ്യക്തമാക്കി.