യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി തുടരെ മരണവാര്‍ത്തകള്‍. ക്രിസ്മസിന് ഒരുങ്ങുന്ന മലയാളികള്‍ക്ക് വലിയ ആഘാതമാണ് അപ്രതീക്ഷിതമായുള്ള വിയോഗങ്ങള്‍. ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ കഴിഞ്ഞ ദിവസം അന്തരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.
കണ്ണൂര്‍ ജില്ലയില്‍ ആലക്കോടിന് സമീപം തേര്‍ത്തല്ലി സ്വദേശിയും കടിയന്‍കുന്നേല്‍ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലില്‍ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വര്‍ഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടര്‍ന്നാണ് ഇന്ന് വിടവാങ്ങിയത്.
ഭാര്യ എല്‍സമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ്. കെവിന്‍ ബിജുവുമാണ് ഏകമകന്‍. ഔര്‍ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍, ന്യൂകാസില്‍ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
യുകെയിലെത്തിയ ആദ്യകാലം മുതല്‍ സാമൂഹിക സേവന രംഗങ്ങളില്‍ സജീവമായിരുന്ന ബിജു മാത്യു, ഏത് ആവശ്യത്തിനും സഹായിക്കാന്‍ സന്നദ്ധനായ വ്യക്തിയായിരുന്നു. ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.