തുടര്‍ച്ചയായി അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തുകയാണ് റസിഡന്റ് ഡോക്ടര്‍മാര്‍. 26% ശമ്പളവര്‍ധനയാണ് ആവശ്യം. പണിമുടക്ക് നടക്കുമ്പോള്‍ രോഗികള്‍ കടുത്ത ദുരിതത്തെ നേരിടുകയാണ്. രോഗികളോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ കുറച്ച് ഡോക്ടര്‍മാര്‍ സമരമുഖത്ത് നിന്നും ആശുപത്രികളില്‍ സേവനം നല്‍കാനായി എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ 'ചതിയന്മാരാണെന്നാണ്' സമരക്കാരുടെ ആരോപണം.
ജോലിസ്ഥലത്ത് സ്‌ക്രബ് അണിഞ്ഞ് നില്‍ക്കുന്ന സെല്‍ഫിയെടുത്ത ഒരു ഡോക്ടറെയാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സൈബര്‍ അക്രമണത്തിന് വിധേയമാക്കിയത്. സമരത്തിന് പിന്തുണയുണ്ടെങ്കിലും സേവനം നല്‍കുന്നുവെന്ന് പറഞ്ഞതാണ് ഈ ഡോക്ടര്‍ക്ക് എതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ പകുതിയോളം റസിഡന്റ് ഡോക്ടര്‍മാരും ഈ വിധത്തില്‍ 'വഞ്ചകരാ'യുണ്ടെന്ന് മറ്റൊരു ഡോക്ടര്‍ കമന്റ് ചെയ്തു.
രോഗികളെ പരിചരിക്കാന്‍ എത്തുന്ന ഡോക്ടര്‍മാരെ അക്രമിക്കുന്നത് നിരാശാജനകമാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി സ്റ്റുവര്‍ട്ട് ആന്‍ഡ്രൂ പറഞ്ഞു. 'രോഗികളെ പ്രഥമമായി കാണണം, ഇതില്‍ ഡോക്ടര്‍മാര്‍ ഒറ്റക്കെട്ടായിരിക്കണം. വര്‍ഷങ്ങള്‍ക്കിടെ കാണാത്ത ഫ്‌ളൂ പൊട്ടിപ്പുറപ്പെട്ട അവസരത്തില്‍ രോഗികളെ ചികിത്സിക്കുന്നത് ചെറുതായി കാണരുത്', ആന്‍ഡ്രൂ ആവശ്യപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെ സമരം ചെയ്യാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതേസമയം മുന്‍കൂട്ടി അവധി നിശ്ചയിച്ചത് കൊണ്ടാണ് റസിഡന്റ് ഡോക്ടര്‍മാരില്‍ ഒരു വിഭാഗം സമരത്തെ അനുകൂലിച്ചതെന്ന് സണ്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അവസാന നിമിഷം ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ മെച്ചപ്പെട്ട ഓഫര്‍ സമര്‍പ്പിച്ച് സമരം ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി ശ്രമിച്ചെങ്കിലും ഇത് തള്ളിക്കൊണ്ടാണ് റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്.