ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം മുന്‍നിര്‍ത്തി വിദേശ ജോലിക്കാര്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്. ജയിലുകളില്‍ അടക്കം ജീവനക്കാരുടെ ഗുരുതരമായ ക്ഷാമം ഒഴിവാക്കുന്നതിനായി വിദേശ ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാര്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമാണ് .
സ്കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ജൂലൈയില്‍ ശമ്പള പരിധി 41,700 പൗണ്ടായി ഉയര്‍ത്തിയതിനെ തുടര്‍ന്ന്, നിലവില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഉദ്യോഗസ്ഥര്‍ക്ക് വിസ പുതുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്ക് നയിച്ചത്. നൈജീരിയ, ഘാന തുടങ്ങിയ പാശ്ചാത്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ കൂടുതലായി ആശ്രയിക്കുന്ന ജയിലുകള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ് ചാര്‍ലി ടെയ്‌ലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പുതിയ നിയമം നടപ്പാക്കിയാല്‍ ജയിലുകളുടെ പ്രവര്‍ത്തനവും സുര്‍ക്ഷയും തകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ യുകെയില്‍ ജോലി ചെയ്യുന്ന വിദേശ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് 2026 അവസാനം വരെ ഉയര്‍ന്ന ശമ്പള പരിധിയില്‍ നിന്ന് ഒഴിവ് അനുവദിക്കും. തുടര്‍ന്ന് 2027 ഡിസംബര്‍ 31 വരെ 33,400 പൗണ്ട് എന്ന കുറഞ്ഞ ശമ്പള പരിധിയില്‍ വിസ പുതുക്കാനും അനുമതി നല്‍കും. ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന മറ്റു ചില മേഖലകളിലും ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യം തുടരുന്നുണ്ടെങ്കിലും, പൊതുസുരക്ഷയാണ് ആദ്യ കടമ എന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ജയിലുകളുടെ ശേഷിക്കുറവും സുരക്ഷാ വെല്ലുവിളികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിചയസമ്പന്നരായ ജീവനക്കാരെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്കില്‍ഡ് വര്‍ക്കര്‍ വിസയുടെ ശമ്പള പരിധി 41,700 പൗണ്ടായി തുടരണമെന്ന് മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പരിധി ഉയര്‍ത്തുന്നത് മൂലം ആയിരക്കണക്കിന് ആളുകള്‍ തൊഴില്‍വിപണിയില്‍ നിന്ന് പുറത്താകുകയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നൂറുകണക്കിന് മില്യണ്‍ പൗണ്ടുകളുടെ നഷ്ടമുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു.