കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
സ്ഥിരം കുറ്റവാളികളെയും കോടതി ഉത്തരവുകള്‍ ലംഘിക്കുന്നവരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അത്യാധുനികമായ 'ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍' (LFR) സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ യുകെ പൊലീസ്. ഹാംഷെയര്‍ പൊലീസ് ആണ് ഇത്തരം പരീക്ഷണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. സതാംപ്ടണ്‍ സിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് ഹാംഷെയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറി ഈ ഹൈടെക് പരിശോധനയ്ക്ക് തുടക്കം കുറിച്ചത്.
കാമറയില്‍ പതിയുന്ന മുഖങ്ങള്‍ തത്സമയം വിശകലനം ചെയ്ത് പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കുന്ന രീതിയാണിത്. ഒരാളുടെ കണ്ണുകള്‍ തമ്മിലുള്ള അകലം, താടിയെല്ലിന്റെ നീളം തുടങ്ങിയ പ്രത്യേകതകള്‍ ഡിജിറ്റലായി അളന്നാണ് സിസ്റ്റം വ്യക്തികളെ തിരിച്ചറിയുന്നത്. കുറ്റവാളികളെ പിടികൂടുന്നതിനൊപ്പം തന്നെ കാണാതായവരെ കണ്ടെത്താനും ഈ സംവിധാനം ഏറെ സഹായകരമാകുന്നു.
അങ്ങേയറ്റം സുതാര്യമായ രീതിയിലാണ് ഈ പരിശോധനകള്‍ നടത്തുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒളി കാമറകള്‍ക്ക് പകരം വ്യക്തമായി അടയാളപ്പെടുത്തിയ വാനുകളിലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി, കുറ്റവാളികളുടെ ലിസ്റ്റില്‍ ഇല്ലാത്ത ചിത്രങ്ങള്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യും. കടകളില്‍ നിന്നുള്ള മോഷണം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ രൂക്ഷമായ ഷേര്‍ളി ഹൈ സ്ട്രീറ്റ് പോലുള്ള ഭാഗങ്ങളില്‍ ഈ സംവിധാനം വലിയ മാറ്റമുണ്ടാക്കുമെന്ന് സുപ്രണ്ട് അലക്സ് ചാര്‍ജ് പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലണ്ടനില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് 580 പേരെ പിടികൂടിയ വിജയം മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപകമായി ഇത്തരം പരിശോധനകള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിടികൂടിയവരില്‍ കോടതി ഉത്തരവുകള്‍ ലംഘിച്ച് പുറത്തിറങ്ങിയ 52 ലൈംഗിക കുറ്റവാളികളും ഉള്‍പ്പെടുന്നു.
നിലവില്‍ രണ്ട് വാനുകളാണ് ഹാംഷെയറിലുള്ളതെങ്കിലും വരും മാസങ്ങളില്‍ കൂടുതല്‍ വാനുകള്‍ വിന്യസിക്കാന്‍ ഹോം ഓഫീസ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പരിശോധന നടത്തുന്ന സ്ഥലങ്ങളെക്കുറിച്ച് ഒരാഴ്ച മുന്‍പ് തന്നെ പൊലീസിന്റെ വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ജനങ്ങളെ മുന്‍കൂട്ടി അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.