കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മാര്‍ട്ടിന്‍ ആന്റണി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്റെ അപ്പീല്‍. താന്‍ ഡ്രൈവര്‍ മാത്രമാണ്, കുറ്റകൃത്യത്തില്‍ പങ്കില്ല. കുറ്റകൃത്യം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നുണ്ട്.
കേസില്‍ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങള്‍ തനിക്കും ബാധകമാണ്. വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും അപ്പീലില്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.
കേസില്‍ 20 വര്‍ഷം കഠിന തടവിന് വിധിച്ചതിന് പിന്നാലെ മാര്‍ട്ടിന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ മാര്‍ട്ടിന്‍ ഉള്‍പ്പടെ ആറ് പ്രതികള്‍ക്കാണ് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ വടിവാള്‍ സലീമും പ്രദീപും വിധിക്കെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് വടിവാള്‍ സലീം. ആറാം പ്രതിയാണ് പ്രദീപ്. കേസില്‍ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെവിട്ടത്.
ഇതിനിടെ നടിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്ന തരത്തില്‍ മാര്‍ട്ടിന്‍ അധിക്ഷേപ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതില്‍ അതിജീവിത പരാതി നല്‍കിയിരുന്നു. വീഡിയോ പങ്കുവെച്ചവരുടെ ലിങ്കുകള്‍ അടക്കം നല്‍കിയാണ് അതിജീവിത പരാതി നല്‍കിയത്.