ക്രിസ്മസ് ദിനം മുന്നിലെത്തിയപ്പോള്‍ രാജകുടുംബത്തിന് മാനക്കേടായി ആന്‍ഡ്രൂവിന്റെ പേരില്‍ വീണ്ടും വിവാദം. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍, ജെഫ്രി എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസെലിന്‍ മാക്‌സ്‌വെല്ലിനോട് കുറച്ച് 'മോശം സുഹൃത്തുക്കളെ' ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെട്ട രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആന്‍ഡ്രൂവിനായി സൗഹൃദം പുലര്‍ത്തുന്ന രസകരമായ പെണ്‍കുട്ടികളെ തേടാന്‍ മാക്‌സ്‌വെല്ലിനോട് പറഞ്ഞുവെന്ന തരത്തിലാണ് എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവന്നതോടെ സംശയം ഉയരുന്നത്. വിവാദത്തെ തുടര്‍ന്ന് രാജകുടുംബം ആന്‍ഡ്രൂവിനെ എല്ലാ രാജകീയ പദവിയില്‍ നിന്നും പുറത്താക്കി സ്ഥാനപ്പേരും പിന്‍വലിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിട്ടതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുതിയ ചോദ്യങ്ങള്‍ നേരിടുകയാണ്. മുന്‍പ് പറഞ്ഞതിലും കൂടുതല്‍ തവണ (എട്ടു തവണ) എപ്‌സ്റ്റീന്റെ പ്രൈവറ്റ് ജെറ്റില്‍ ട്രംപ് യാത്ര ചെയ്‌തെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
മാക്‌സ്‌വെല്ലുമായുള്ള ഇമെയില്‍ സന്ദേശങ്ങളില്‍ 'എ' എന്ന് രേഖപ്പെടുത്തിയത് ആന്‍ഡ്രൂവിനെ കുറിച്ചാണെന്നാണ് കരുതുന്നത്. 2001 മുതല്‍ 2002 വരെയുള്ള ഇമെയിലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മറ്റൊരു ശതകോടീശ്വരനായ ലൈംഗിക കുറ്റവാളി പീറ്റര്‍ നൈഗാര്‍ഡുമായി ബന്ധപ്പെട്ട് ആന്‍ഡ്രൂവിനെ ചോദ്യം ചെയ്യാന്‍ എഫ്ബിഐ ആവശ്യപ്പെട്ടിരുന്നുവെന്നും ഫയലുകള്‍ വ്യക്തമാക്കുന്നു.
എപ്സ്റ്റീന്റെ തനിസ്വഭാവം അറിഞ്ഞപ്പോള്‍ എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നായിരുന്നു ആന്‍ഡ്രൂവിന്റെ നേരത്തെയുള്ളവാദം. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തെത്തിച്ചത്.