എന്‍എച്ച്എസില്‍ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ മുന്നോട്ട്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയാണ് ഇത്. 2024-25 കാലയളവില്‍ മാത്രം ഏഴായിരത്തോളം ജീവനക്കാരെയാണ് എന്‍എച്ച്എസില്‍ നിന്ന് പിരിച്ചുവിട്ടത്. രണ്ടു വര്‍ഷം മുമ്പ് ഇത് 4,000 ആയിരുന്നു. 2011ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പിരിച്ചുവിടപ്പെട്ടവരില്‍ പകുതിയിലധികം പേരും 'ജോലി ചെയ്യാനുള്ള പ്രാപ്തിയില്ലായ്മ്മ ' മൂലമാണ് പുറത്തായത്. നിശ്ചിത നിലവാരം പുലര്‍ത്താത്തവര്‍ക്കും ജോലി കൃത്യമായി പൂര്‍ത്തിയാക്കാത്തവര്‍ക്കുമെതിരെയാണ് കര്‍ശന നടപടി. 'മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ഇനി സ്ഥാനക്കയറ്റമോ പാരിതോഷികങ്ങളോ നല്‍കില്ല; പരാജയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല' - ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. മാനേജര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ 'ലീഗ് ടേബിളുകള്‍' തയാറാക്കുമെന്നും വീഴ്ച വരുത്തുന്ന ഉന്നത ഉദ്യോഗസ്ഥരെയും പിരിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുറത്താക്കപ്പെടുന്ന ഒരു ജീവനക്കാരന് പകരം മറ്റൊരാളെ നിയമിക്കാന്‍ എന്‍എച്ച്എസിന് ശരാശരി 6,500 പൗണ്ട് ചെലവ് വരുന്നുണ്ട്. എങ്കിലും ആരോഗ്യമേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടി അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കും ഇന്‍ഫ്ലുവന്‍സ വ്യാപനവും കാരണം എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കാര്യക്ഷമതയുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തി 10 വര്‍ഷത്തെ ആരോഗ്യ പദ്ധതി വിജയിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ എന്‍എച്ച്എസ് മാനേജര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ചിരുന്നുവെന്നും ഇവിടുന്ന് പിരിച്ചുവിടുന്നവര്‍ മറ്റൊരിടത്ത് നിയമനം നേടുന്ന രീതി ഇനി അനുവദിക്കില്ലെന്നും മുന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.
അതേസമയം, വീഴ്ച വരുത്തുന്നവര്‍ക്ക് ശിക്ഷയ്‌ക്കൊപ്പം തന്നെ ആവശ്യമായ പരിശീലനം നല്‍കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്.