യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം കുറയും. രാജ്യത്തു ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍ ആയതാണ് കാരണം. കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025ല്‍ ഗണ്യമായി മന്ദഗതിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകളുടെ താല്പര്യം കൂടാത്തതും നിക്ഷേപകരിലെ ആശങ്കകളും ചാര്‍ജര്‍ സ്ഥാപിക്കല്ലിന്റെ വേഗം കുറയാന്‍ കാരണമായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാപ്മാപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87,200 ചാര്‍ജിങ് പോയിന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13,500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത് ‘ ഇത് 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ധനവായാണ് വിലയിരുത്തപ്പെടുന്നത്.
ഇത് ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയാക്കുമെന്നും, കഴിഞ്ഞ വര്‍ഷത്തെ 37 ശതമാന വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ ഇടിവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇലക്ട്രിക് കാറുകളുടെ വില്‍പന വളര്‍ച്ച തുടരുകയാണ്. 2025ലെ ആദ്യ 11 മാസങ്ങളില്‍ ബ്രിട്ടനിലെ കാര്‍ വില്‍പനയുടെ 23 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ 19 ശതമാനത്തില്‍ നിന്ന് ഇത് വളരെ കൂടുതലാണ് . എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ പെട്രോളില്‍നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കിയതും സര്‍ക്കാര്‍ ഇ.വി. വില്‍പന ലക്ഷ്യങ്ങള്‍ ദുര്‍ബലപ്പെടുത്തിയതും ഈ രംഗത്തെ വളര്‍ച്ചയെ ബാധിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
സര്‍ക്കാരിന്റെ ചില നയങ്ങള്‍ ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ ഇടിവിന് കാരണമായെന്ന് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി. 2028 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൈലിന് 3 പെന്‍സ് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഉപഭോക്തൃ വിശ്വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചാര്‍ജിങ് മേഖലയിലെ ചെലവ് വര്‍ധനയും ഗ്രിഡ് കണക്ഷനിലെ വൈകിപ്പും ഇന്‍സ്റ്റലേഷന്‍ മന്ദഗതിയിലാക്കിയതായി ചാര്‍ജ് യുകെ വ്യക്തമാക്കി.
അതേസമയം, മോട്ടോര്‍വേകളിലെ അള്‍ട്രാ-റാപിഡ് ചാര്‍ജറുകളുടെ എണ്ണം 39 ശതമാനം ഉയര്‍ന്നതായും, ലണ്ടന്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നോര്‍ത്ത് അയര്‍ലന്‍ഡ് പോലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.