ലണ്ടന്‍: ബ്രിട്ടനിലുടനീളമുള്ള കാര്‍ മോഷണം തടയുന്നതിനായി പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷം മുക്കാല്‍ ഭാഗത്തിലധികം കേസുകള്‍ പരിഹരിക്കപ്പെടാതെ പോയതായി പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറിയുടെ വിശകലനപ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 1,21,825 മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇതില്‍ ഏകദേശം 92,958 കേസുകള്‍ പ്രതിയെ തിരിച്ചറിയാതെ അവസാനിപ്പിക്കപ്പെട്ടു.
പരിഹരിക്കപ്പെടാത്ത കേസുകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതം മെട്രോപൊളിറ്റന്‍ പോലീസിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടനില്‍ നടന്ന കാര്‍ മോഷണങ്ങളില്‍ 88.5 ശതമാനവും പരിഹരിക്കപ്പെടാതെ പോയി. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് (84.4%), സൗത്ത് യോര്‍ക്ക്ഷയര്‍ (82.6%), ലണ്ടന്‍ സിറ്റി (81.5%), സസെക്‌സ് (81.1%), വാര്‍വിക്ഷയര്‍ (80.7%) എന്നിവിടങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് കേസുകള്‍ പരിഹരിക്കപ്പെടാതെ പോകുന്നത്.
ലിബറല്‍ ഡെമോക്രാറ്റുകളുടെ വിശകലനത്തില്‍, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 44 പോലീസ് സേനകളില്‍ 35 എണ്ണത്തിന്റെയും കാര്‍ മോഷണ അന്വേഷണങ്ങളില്‍ 60 ശതമാനത്തിലധികം കേസുകള്‍ പ്രതിയെ തിരിച്ചറിയാതെ അവസാനിച്ചതായി കണ്ടെത്തി.
സംഘടിത കാര്‍ കുറ്റകൃത്യ ശൃംഖലകളെ ലക്ഷ്യമിടുന്നതിനായി നാഷണല്‍ ക്രൈം ഏജന്‍സിയില്‍ പ്രത്യേക ടീം രൂപീകരിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) ക്യാമറകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍, പോലീസ് ഇന്റലിജന്‍സ്, അതിര്‍ത്തി നിയന്ത്രണം എന്നിവയില്‍ നിന്നുള്ള ഡാറ്റ ഉപയോഗപ്പെടുത്താനാണ് നിര്‍ദ്ദേശം.
'കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാതെ പോകുന്നത് അപമാനകരമാണ്. സമൂഹങ്ങള്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പോലീസ് സേനയ്ക്ക് വര്‍ഷങ്ങളോളം വെട്ടിക്കുറവുകള്‍ വരുത്തി സമൂഹങ്ങളെ വഞ്ചിച്ചു. ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് ഇതിന് കണ്ണടയ്ക്കരുത്,' ലിബറല്‍ ഡെമോക്രാറ്റ് ആഭ്യന്തര വക്താവ് മാക്‌സ് വില്‍ക്കിന്‍സണ്‍ പറഞ്ഞു