ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള കാത്തിരിപ്പ് റെക്കോര്‍ഡ് തോതില്‍ വര്‍ദ്ധിച്ചു. ഓട്ടം സീസണില്‍ ഒരു മാസത്തിലേറെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ കാത്തിരുന്നത് 300,000-ലേറെ ജനങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നാല് ആഴ്ചയിലേറെ കാത്തിരിപ്പ് വേണ്ടിവന്നത് 7.6 മില്ല്യണ്‍ രോഗികള്‍ക്കാണ്. 2024-ല്‍ സമാനമായ മാസങ്ങളിലെ കണക്കുകളില്‍ നിന്നും 312,112 പേരുടെ വര്‍ധനയാണ് ഇത്.
സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം പരാജയപ്പെടുന്നതിന്റെ കണക്കുകളാണ് ഇവയെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ പരിശോധിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. സ്ഥിതി പ്രതിസന്ധിയാണെന്നും, ഒരു ജിപി 'രക്ഷാപാക്കേജ്' നടപ്പാക്കി രോഗികള്‍ ഏഴ് ദിവസത്തിനുള്ളിലോ, അത്യാവശ്യ ഘട്ടങ്ങളില്‍ 24 മണിക്കൂറിലോ ജിപിയെ കാണുന്നുവെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഫാമിലി ഡോക്ടറെ കണ്ടുകിട്ടാനുള്ള ബുദ്ധിമുട്ട് രോഗികളെ ഉത്കണ്ഠയിലേക്ക് തള്ളിവിടുകയും, ബുദ്ധിമുട്ടിപ്പിക്കുന്ന വേദനയുമാണ് സമ്മാനിക്കുന്നതെന്ന് പാര്‍ട്ടി പറയുന്നു. ഇപ്പോള്‍ തന്നെ നിറഞ്ഞുകവിഞ്ഞ എ&ഇകളിലേക്ക് ഇവര്‍ക്ക് പോകേണ്ടിയും വരുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നവംബറില്‍ 1,770,148 പേര്‍ക്കാണ് ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലേബര്‍ അധികാരത്തിലെത്തിയ ശേഷം 246,625 പേരുടെ വര്‍ദ്ധനവാണ് ഇതിലുള്ളത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ദുരിതമേറിയ കാത്തിരിപ്പും ഇക്കുറി രേഖപ്പെടുത്തി.
ഇംഗ്ലണ്ടിലെ എല്ലാ മേഖലയിലും രണ്ടാഴ്ചയിലും, അതിലേറെയും അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ സുപ്രധാന വര്‍ദ്ധനവുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലാണ് രോഗികള്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്.