ചാനല്‍ ടണലിലുണ്ടായ സാങ്കേതിക തകരാര്‍ മൂലമുള്ള തടസ്സങ്ങള്‍ പരിഹരിച്ചതോടെ യൂറോ സ്റ്റാറിലെ ഷട്ടല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. യുകെയേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന ടണലിലെ ഓവര്‍ഹെഡ് വൈദ്യുതി വിതരണ സംവിധാനത്തിലെ തകരാറും ഒരു ട്രെയ്ന്‍ വഴിയില്‍ കുടുങ്ങിയതുമാണ് ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കിയത്. രാത്രിയില്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം രാവിലെ സര്‍വീസ് പുനരാരംഭിച്ചു.
സംഭവത്തില്‍ യൂറോസ്റ്റാര്‍ പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലണ്ടന്‍ സെന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബുധനാഴ്ചത്തെ ഭൂരിഭാഗം സര്‍വീസുകളും നടത്തിയെങ്കിലും പാരീസ്, ബ്രസ്സല്‍സ്, ആംസ്റ്റര്‍ ഡാം എന്നിവിടങ്ങളിലേക്കുള്ള മൂന്നു സര്‍വീസുകള്‍ റദ്ദാക്കി.
യാത്രക്കാര്‍ ഔദ്യോഗിക വെബ് സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പുതുവത്സര യാത്രയ്ക്കിറങ്ങിയ ആയിരക്കണക്കിന് പേരെ വലച്ചതായിരുന്നു തകരാര്‍. തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് പൂര്‍ണ്ണ ടിക്കറ്റ് റീഫണ്ടും അധിക നഷ്ടപരിഹാരവും നല്‍കുമെന്ന് യൂറോസ്റ്റാര്‍ വ്യക്തമാക്കി.