വിന്റര്‍ ദുരിതം എന്‍എച്ച്എസിനെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തി. ഫ്ലൂ സീസണ് അല്‍പ്പം ശമനമായതിന് പിന്നാലെയായിരുന്നു കൊടുംതണുപ്പ് ഉണ്ടായത്. ഇതോടെ രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്തത്.
ഫ്ലൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് ഹെല്‍ത്ത് സര്‍വ്വീസ് സമ്മര്‍ദത്തില്‍ മുങ്ങിയത്. ഇതോടെ നാല് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഗുരുതരസ്ഥിതി പ്രഖ്യാപിച്ചിട്ടുണ്ട്. തണുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യം കുറഞ്ഞവരും, പ്രായമായവരും കൂടുതലായി ആശുപത്രി ബെഡുകളിലേക്ക് പ്രവേശിപ്പിക്കപ്പെട്ടത് സ്ഥിതി വഷളാക്കി.
വര്‍ഷത്തിലെ ഈ സമയത്ത് ജീവനക്കാര്‍ക്കിടയിലും രോഗം പടരുകയാണ്. ഇത് ആശുപത്രികള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. റോയല്‍ സറേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, എപ്‌സം & സെന്റ് ഹെലിയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, സറേ & സസെക്‌സ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളില്‍ ഗുരുതരസ്ഥിതി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ തുടര്‍ച്ചയായ സമ്മര്‍ദം മൂലം ക്യൂന്‍ എലിസബത്ത് ദി ക്യൂന്‍ മതര്‍ ഹോസ്പിറ്റലും ഗുരുതരസ്ഥിതി പ്രഖ്യാപിച്ചു. ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ദ്ധിക്കുകയോ, ഇന്‍ഫ്രാസ്ട്രക്ചര്‍ പരാജയപ്പെടുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ഇത് പ്രഖ്യാപിക്കുക.
എ&ഇ അഡ്മിഷന്‍ സങ്കീര്‍ണ്ണമാകുകയും, രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് പ്രശ്‌നമാകുകയും ചെയ്യുന്നതും പ്രതിസന്ധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ബര്‍മിംഗ്ഹാമിലും, സ്റ്റഫോര്‍ഡ്ഷയറിലും, വെയില്‍സിലെ രണ്ട് ഇടങ്ങളിലും ട്രസ്റ്റുകള്‍ കനത്ത സമ്മര്‍ദത്തെ അഭിമുഖീകരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. നോറോവൈറസ് കേസുകളാണ് ഇവിടെ രോഗികളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നത്.