ഫോസ്റ്റര്‍ റെസിഡന്‍ഷ്യല്‍ കെയറുകളില്‍ വളരുന്ന കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്ന പരിചരണ കേന്ദ്രങ്ങളില്‍ അവര്‍ അത്ര സന്തുഷ്ടരല്ല. ഫോസ്റ്റര്‍, റെസിഡന്‍ഷ്യല്‍, കിന്‍ഷിപ്പ് കെയര്‍ എന്നിവിടങ്ങളില്‍ വളരുന്ന കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്. 200-2002 കാലഘട്ടത്തില്‍ ജനിച്ച 19000 പേരെ നടത്തിയ പഠനത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്.
17 വയസുകാരില്‍ 26 ശതമാനം പേര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. യുസിഎല്‍ സെന്റര്‍ ഫോര്‍ ലോംഗിറ്റിയൂഡിനല്‍ സ്റ്റഡീസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന് നഫീല്‍ഡ് ഫൗണ്ടേഷന്റെ പിന്തുണയുണ്ട്.
ആത്മഹത്യാ ശ്രമം മാത്രമല്ല മാനസിക സമ്മര്‍ദ്ദത്തിലുമാണ് പലരും. ഫോസ്റ്റര്‍ കെയറിലുണ്ടായിരുന്നവരില്‍ 56 ശതമാനം പേര്‍ സ്വയം പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഫോസ്റ്റര്‍ കെയര്‍ അനുഭവമുള്ളവരില്‍ 39 ശതമാനം പേരും വിഷാദ രോഗത്തിലാണ്. പരിചരണത്തിലുണ്ടായിരുന്നവരില്‍ അധികവും കുറഞ്ഞ പ്രായത്തില്‍ ലൈംഗീക ബന്ധത്തിനും ഗര്‍ഭ ധാരണത്തിനും ഇരയാകുന്നു.
കുട്ടികളുടെ മാനസിക അവസ്ഥ മെച്ചപ്പെടുത്താനും കെയര്‍ മേഖലകളില്‍ അവര്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കാനും നടപടി വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.