കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് നാടകീയമായി ചാടാനൊരുങ്ങിയ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി ടോറി ലീഡര്‍ കെമി ബാഡെനോക്. കൂട്ടത്തില്‍ നിന്ന് മറുഭാഗത്ത് സഹായം നല്‍കിവന്ന ജെന്റിക്കിനെ സ്വയം തയ്യാറാക്കിയ രാജിവെയ്ക്കല്‍ പ്രസംഗമാണ് കുടുക്കിയത്. രാജി പ്രസംഗത്തിന് ഒരുക്കിയ പേപ്പറില്‍ ഒരു ഭാഗം താഴെ വീഴുകയും, ജെന്റിക്ക് ടീമിന്റെ സഹായി ഇത് കണ്ട് കണ്‍സര്‍വേറ്റീവ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.
ഇതോടെ റിഫോമിലേക്ക് മറുകണ്ടം ചാടാന്‍ കാത്തിരിക്കുന്ന ജെന്റിക്കിനെ ടോറി നേതാവ് കെമി ബാഡെനോക് കൈയോടെ പിടികൂടി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പാര്‍ട്ടി നടപടി വന്നതോടെ നീട്ടിവെച്ചിരുന്ന നടപടി 12 മണിക്കൂറിനുള്ളില്‍ നടപ്പാക്കി ജെന്റിക്ക് റിഫോം പാര്‍ട്ടിയില്‍ എത്തി. നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയിലേക്ക് നടന്നിട്ടുള്ള ഏറ്റവും വലിയ ചുവടുമാറ്റമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കെമി ബാഡെനോക് പാര്‍ട്ടിയെ മുന്നോട്ട് നയിക്കില്ലെന്ന പ്രതീക്ഷ തെറ്റിയതോടെയാണ് നേതൃപദവി കൊതിച്ച റോബര്‍ട്ട് ജെന്റിക്ക് പാര്‍ട്ടിയില്‍ നിന്നും കൂടുമാറിയതെന്നാണ് കരുതുന്നത്. റിഫോമിലേക്ക് പോയ മുന്‍ പാര്‍ട്ടിക്കാരന് 'ഭ്രാന്താണെന്നാണ്' ടോറി പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം. സ്വന്തം നേട്ടം ലക്ഷ്യമിട്ടാണ് ഈ മറുകണ്ടം ചാടലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
അതേസമയം, ടോറികള്‍ വോട്ടര്‍മാരെ ചതിച്ചെന്നാണ് റിഫോമിലെത്തിയ ജെന്റിക്കിന്റെ വാദം. പാര്‍ട്ടിക്ക് വഴി നഷ്ടമായെന്നും, യഥാര്‍ത്ഥ മാറ്റത്തെ അംഗീകരിക്കാനുള്ള ശേഷിയില്ലെന്നുമാണ് ആരോപണം. അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന് ശരിയായ ഗവണ്‍മെന്റിനെ ലഭിച്ചില്ലെങ്കില്‍ രാജ്യം ശരിയാക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള അവസ്ഥയിലെത്തും, ജെന്റിക്ക് പറയുന്നു.
ഇനി ഈ തലവേദന നിഗല്‍ ഫരാഗിന്റേതാണെന്നാണ് ജെന്റിക്കിനെ പുറത്താക്കിയ ബാഡെനോക് പ്രതികരിച്ചത്. 'സഹപാര്‍ട്ടിക്കാരോട് നുണപറയുന്ന ഒരാളെ നഷ്ടമാകുന്നത് ഒരു ആഘാതമല്ല. ഇതൊരു നല്ല ദിവസമാണ്. മോശം ആളുകളാണ് പാര്‍ട്ടി വിട്ടുപോകുന്നത്', ബാഡെനോക് രൂക്ഷ ഭാഷയില്‍ പറഞ്ഞു.
അതേസമയം, വരാന്‍ പോകുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ് എന്‍ പി തന്നെ ഭരണം പിടിക്കുമെന്നാണ് പോള്‍ റിപ്പോര്‍ട്ടുകള്‍. ഇവിടെയും കണ്‍സര്‍വേറ്റീവുകള്‍ക്ക് അടിതെറ്റുമെന്ന് ഫലങ്ങള്‍ പ്രവചിക്കുന്നു. റിഫോം യുകെ ആയിരിക്കും പ്രധാന പ്രതിപക്ഷമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്.