യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം പരിതാപകരമാകുന്നുവെന്ന് നാഷണല്‍ ചൈല്‍ഡ് ബെര്‍ത്ത് ട്രസ്റ്റ് റിപ്പോര്‍ട്ട്. ആവശ്യമായ ധനസഹായവും ജീവനക്കാരും ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പ്രസവ ശേഷം മതിയായ പ്രസവാനന്തര സുരക്ഷയും പിന്തുണയുമില്ലാതെ മാനസിക സമ്മര്‍ദ്ദത്തിലാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2000 ലേറെ പേരെ ഉള്‍പ്പെടുത്തിയ സര്‍വേയില്‍ 24 ശതമാനം സ്ത്രീകള്‍ക്ക് പ്രസവ ശേഷം സ്ഥിരമായി എന്‍എച്ച്എസ് ജീവനക്കാരുടെ സഹായം ലഭിച്ചില്ലെന്ന് വ്യക്തമായി.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 87 ശതമാനം സ്ത്രീകള്‍ക്ക് ഇടയ്‌ക്കെങ്കിലും അമിത സമ്മര്‍ദ്ദം അനുഭവപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. 22 ശതമാനം പേര്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് എപ്പോഴുമെന്ന് കണ്ടെത്തി. 62 ശതമാന സ്ത്രീകള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നതായും 12 ശതമാനം പേര്‍ക്ക് ഗുരുതര പ്രശ്‌നങ്ങള്‍ ഇതു സൃഷ്ടിക്കുന്നതായും കണ്ടെത്തി. ഗര്‍ഭിണികളായ സ്ത്രീകളില്‍ 59 ശതമാനം പേര്‍ സ്വന്തം മാനസിക ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് ആശങ്കാജനകമെന്ന് ലേബര്‍ എംപി മിഷേല്‍ വെല്‍ഷ് പറഞ്ഞു. നവജാത പരിചരണത്തെ കുറിച്ച് സമഗ്രമായ പരിശോധന നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, യുകെയില്‍ വൈകിയുള്ള മാതൃത്വ തീരുമാനവും സ്ത്രീകളുടെ അമിതവണ്ണവും പ്രസവങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ട്. നിലവില്‍ രാജ്യത്തു പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍ ആണെന്നതാണ് ഗൗരവമേറിയ കാര്യം. 2023-ല്‍ നടന്ന 5.92 ലക്ഷം പ്രസവങ്ങളില്‍ 50.6 ശതമാനവും സിസേറിയന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇടപെടലോടെ ആണ് നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഫോഴ്‌സെപ്സ്, വെന്‍ടൂസ് കപ്പ് എന്നിവയിലൂടെയാണ് പ്രസവങ്ങളുടെ വലിയൊരു പങ്കും നടന്നത്. 2015-16-ലെ 25 ശതമാനത്തില്‍ നിന്ന് 2023-ല്‍ 38.9 ശതമാനമായി സിസേറിയന്‍ വര്‍ദ്ധിച്ചുവെന്ന് നാഷണല്‍ മെറ്റേണിറ്റി ആന്‍ഡ് പെരിനാറ്റല്‍ ഓഡിറ്റ് (NMPA) റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേ സമയം, ഇന്‍ഡ്യൂസ് പ്രസവങ്ങളും 29.3 ശതമാനത്തില്‍ നിന്ന് 33.9 ശതമാനമായി ഉയര്‍ന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന പ്രായത്തിലും അമിതവണ്ണത്തിലും മാതൃത്വം ഏറ്റെടുക്കുന്ന സ്ത്രീകളുടെ വര്‍ദ്ധനയാണ് പ്രസവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ കാരണമായത്. പ്രമേഹം, പഴയ രോഗങ്ങള്‍ തുടങ്ങിയവയും പ്രസവസമയത്തെ പ്രശ്നങ്ങള്‍ കൂട്ടുന്നതായി കണ്ടെത്തി. ഗര്‍ഭകാലത്ത് മികച്ച മെഡിക്കല്‍ സ്‌കാനുകളും ചികിത്സകളും ലഭ്യമാക്കിയാല്‍ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി ഇടപെടല്‍ കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലാണ് പ്രശ്നങ്ങല്‍ കൂടുതല്‍ കണ്ടുവരുന്നത്. അതിനാല്‍, ആരോഗ്യ സംവിധാനത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.