മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കടുത്ത പ്രതിരോധത്തിലാക്കി അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍. അന്തരിച്ച വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കല്‍ നിന്നുള്ള ഇമെയിലുകള്‍ ആസ്പദമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
റഷ്യന്‍ പെണ്‍കുട്ടികളുമായുള്ള ബന്ധത്തിലൂടെ ഗേറ്റ്‌സിന് ലൈംഗികരോഗം ബാധിച്ചുവെന്നും, ഇത് തന്റെ ഭാര്യ മെലിന്‍ഡ അറിയാതെ ചികിത്സിക്കാന്‍ രഹസ്യമായി ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഈ രേഖകള്‍ അവകാശപ്പെടുന്നത്.
'ദി സണ്‍', 'ഡെയ്‌ലി മെയില്‍' എന്നീ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2013 ജൂലൈ മാസത്തില്‍ എപ്സ്റ്റീന്‍ തനിക്ക് തന്നെ അയച്ച ഇമെയിലുകളിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഗേറ്റ്‌സിന്റെ തീരുമാനത്തില്‍ എപ്സ്റ്റീന്‍ അങ്ങേയറ്റം അതൃപ്തനായിരുന്നുവെന്നും, തന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കുകള്‍ക്കായുള്ള അഭ്യര്‍ത്ഥനയും അടങ്ങിയ ഇമെയിലുകള്‍ ഡീലീറ്റ് ചെയ്യാന്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടുവെന്നും ഇതില്‍ ആരോപിക്കുന്നു. എപ്സ്റ്റീന്‍ അയക്കാതെ സൂക്ഷിച്ച കത്തുകളുടെ ഡ്രാഫ്റ്റുകളാണ് ഈ രേഖകളിലധികവും.
ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെക്കുറിച്ചും ഈ രേഖകളില്‍ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്. ഗേറ്റ്‌സും മെലിന്‍ഡയും തമ്മിലുള്ള ദാമ്പത്യ തര്‍ക്കങ്ങളില്‍ നിക്കോളിക് വലിച്ചിഴയ്ക്കപ്പെട്ടതായും, ഗേറ്റ്‌സിന് വേണ്ടി മരുന്നുകള്‍ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കാനും അദ്ദേഹം നിര്‍ബന്ധിതനായെന്നും എപ്സ്റ്റീന്‍ തന്റെ കുറിപ്പുകളില്‍ അവകാശപ്പെടുന്നു.
അതേസമയം, ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്ന് ബില്‍ ഗേറ്റ്‌സിന്റെ വക്താവ് പ്രതികരിച്ചു. ഗേറ്റ്‌സുമായി തുടര്‍ബന്ധം നിലനിര്‍ത്താന്‍ സാധിക്കാത്തതിലുള്ള എപ്സ്റ്റീന്റെ നിരാശയും ഗേറ്റ്‌സിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഈ രേഖകളില്‍ കാണുന്നതെന്ന് വക്താവ് പറയുന്നു.
(ചിത്രം കടപ്പാട്)