യു.കെ.വാര്‍ത്തകള്‍

ഇന്ധന സ്വിച്ചിലെ തകരാര്‍; ലണ്ടന്‍- ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുമുന്‍പ് റദ്ദാക്കി

ടേക്ക് ഓഫിന് തൊട്ടുമുന്‍പ് ഇന്ധന സ്വിച്ചില്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 132 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. 2025 ജൂണ്‍ 12ല്‍ 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായതിന് സമാനമായ ഗുരുതരമായ സാങ്കേതിക തകരാറാണ് ഇവിടെയും കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാത്തതുകൊണ്ട് വലിയൊരു ദുരന്തസാധ്യതയാണ് ഒഴിവായത്.

ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.19-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് 'റണ്‍' മോഡില്‍നിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് മാറിയത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പൈലറ്റ് ഉടന്‍തന്നെ വിവരം അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് വിമാനം റദ്ദാക്കി വിശദമായ പരിശോധനകള്‍ക്കായി മാറ്റുകയുമായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടാകുന്ന തകരാറുകള്‍ വിമാനം പറക്കുന്നതിനിടെ എന്‍ജിന്‍ നിലയ്ക്കാന്‍ കാരണമായേക്കാമെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിലയ്ക്കുകയായിരുന്നു. കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ പരിശോധനയില്‍ ഈ തകരാറിലേക്കു നയിക്കുന്ന നിര്‍ണായക തെളിവുകളാണ് ലഭിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍, ലണ്ടനിലെ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. വിഷയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

അഹമ്മദാബാദ് അപകടത്തെ തുടര്‍ന്ന്, ഡിജിസിഎയുടെ നിര്‍ദേശപ്രകാരം എയര്‍ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിച്ചിരുന്നെങ്കിലും അന്ന് യാതൊരു പ്രശ്‌നവും കണ്ടെത്തിയിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിസിഎ ഈ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനം സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്ത് ഇടത് എഞ്ചിനിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് 'റണ്‍' പൊസിഷനില്‍ നില്‍ക്കാതെ രണ്ട് തവണ 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറിയതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. വിമാനം സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതായും പൈലറ്റ് ഉന്നയിച്ച ആശങ്കകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗിനെ ഉള്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെയും (DGCA) വിവരം അറിയിച്ചിട്ടുണ്ട്.

ഡിജിസിഎ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നേരത്തെ ബോയിംഗ് 787 വിമാനങ്ങളിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ പരിശോധിച്ചിരുന്നതായും അന്ന് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന സ്വിച്ചുകളാണ് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാനും നിര്‍ത്താനുമാണ് പൈലറ്റുമാര്‍ ഈ സ്വിച്ച് ഉപയോഗിക്കുന്നത്. പറക്കുന്നതിനിടെ എന്‍ജിനു തകരാറ് കണ്ടെത്തിയാല്‍ എന്‍ജിന്‍ നിര്‍ത്താനും റീസ്റ്റാര്‍ട്ട് ചെയ്യാനും ഇത് ഉപയോഗിക്കാറുണ്ട്. പൈലറ്റിന് അബദ്ധത്തില്‍ ഓഫ് ചെയ്യാന്‍ കഴിയുന്ന തരത്തിലല്ല ഇത് സജ്ജമാക്കിയിരിക്കുന്നത്. ഇത് ഓഫ് ആയാല്‍ പെട്ടെന്നുതന്നെ എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വീണ്ടും ഓണ്‍ ചെയ്താല്‍ എന്‍ജിന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ രണ്ടു മിനിറ്റിലേറെയെടുക്കും

പൈലറ്റുമാര്‍ക്ക് അബദ്ധവശാല്‍ ഈ സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ വ്യോമയാന സുരക്ഷാ വിദഗ്ധര്‍ക്ക് ഏകകണ്ഠമായ അഭിപ്രായമാണുള്ളത്. ഈ സ്വിച്ചുകള്‍ മാറ്റിയിട്ടാല്‍ എഞ്ചിനിലേക്കുള്ള ഇന്ധന വിതരണം നിലയ്ക്കുകയും, ജ്വലനം നില്‍ക്കുകയും, എഞ്ചിന്‍ പവര്‍ പെട്ടെന്ന് കുറയുകയും ചെയ്യും. ഈ ഫ്യുവല്‍ കട്ട് ഓഫ് സ്വിച്ചുകളും അവ നിയന്ത്രിക്കുന്ന ഫ്യുവല്‍ വാല്‍വുകളും സ്വതന്ത്രമായ പവര്‍ സിസ്റ്റങ്ങളിലും വയറിംഗിലുമാണ് പ്രവര്‍ത്തിക്കുന്നത്.

  • യുകെ ഭവനവിപണിയില്‍ വിലകള്‍ കൂടി; നിര്‍ണായക വഴിത്തിരിവിലെന്ന് റിപ്പോര്‍ട്ടുകള്‍
  • ലണ്ടനില്‍ തിരക്കേറിയ തെരുവില്‍ സ്ത്രീ കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍
  • ടെക്‌നോളജി വഴിയുള്ള സ്ത്രീ പീഡന കേസുകളില്‍ വന്‍ വര്‍ധന
  • യുകെയില്‍ 4 ലക്ഷം യുവാക്കള്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റിനായി അപേക്ഷ നല്‍കി; 7 ലക്ഷം ബിരുദ ധാരികള്‍ തൊഴില്‍ രഹിതര്‍
  • കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബറിന്റെ കോട്ടയില്‍ ടോറി സ്ഥാനാര്‍ത്ഥിയായി മലയാളി യുവതി
  • സൗത്താംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം; ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ റദ്ദാക്കി
  • എപ്സ്റ്റീന്‍ ബന്ധവും നഗ്നചിത്രവും: ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ് ലോര്‍ഡ് മണ്ടേല്‍സണ്‍
  • സ്‌കൂള്‍ സമയം മൊബൈല്‍ ഫോണ്‍ നിരോധനം; ഇടവേളയിലും ഉച്ചഭക്ഷണ സമയത്തും ഫോണ്‍ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ സെക്രട്ടറി
  • യുകെയില്‍ വാഹന ഉത്പാദനം 73 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
  • ബജറ്റിനെതിരായ പ്രതിഷേധം; ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും സംഗീത വേദികള്‍ക്കും സര്‍ക്കാര്‍ പിന്തുണ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions