മാറുന്ന ജീവിതശൈലിയും സാഹചര്യങ്ങളും മൂലം കാന്‍സര്‍ എന്ന വ്യാധി ആരോഗ്യമേഖലയിലെ വില്ലനായി മാറിയിട്ട് കാലങ്ങളായി. ഓരോ വര്‍ഷം കഴിയുംതോറും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. യഥാസമയം രോഗം സ്ഥിരീകരിക്കാന്‍ കഴിയാത്തതാണ് ഭൂരിഭാഗം കേസുകളിലും തിരിച്ചടിയാകുന്നത്. ബ്രിട്ടനും കാന്‍സറിന്റെ പിടിയിലാണ്. യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ വീതം കാന്‍സര്‍ കണ്ടെത്തുന്നുവെന്നാണ് പുതിയ കണക്കുകള്‍.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ വളര്‍ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഏകദേശം 424,000 പേരാണ് ഓരോ വര്‍ഷവും ഈ ഞെട്ടിക്കുന്ന വാര്‍ത്ത നേരിടുന്നത്. പത്ത് വര്‍ഷം മുന്‍പ് ഓരോ 90 സെക്കന്‍ഡിലുമാണ് രോഗം തിരിച്ചറിഞ്ഞിരുന്നത്.
എന്നാല്‍ രോഗത്തിന്റെ സാധ്യത വര്‍ധിക്കുമ്പോഴും യുകെയില്‍ ചികിത്സ ലഭിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായി അവശേഷിക്കുന്നുവെന്ന് എന്‍എച്ച്എസ് ഡാറ്റ അനലൈസ് ചെയ്ത മാക്മില്ലണ്‍ കാന്‍സര്‍ സപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പലര്‍ക്കും ആശയക്കുഴപ്പം നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതായാണ് ഇവര്‍ പറയുന്നത്.
ബുധനാഴ്ച ഗവണ്‍മെന്റ് തങ്ങളുടെ സുപ്രധാന നാഷണല്‍ കാന്‍സര്‍ പ്ലാന്‍ പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. കാന്‍സര്‍ പിടിപെട്ടാലും ജീവന്‍ നിലനിര്‍ത്താനുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് അവതരിപ്പിക്കുക. റോബോട്ട് അസിസ്റ്റുള്ള പ്രോസീജ്യറുകള്‍ വര്‍ധിപ്പിച്ച് ട്യൂമറുകള്‍ കൃത്യതയോടെ നീക്കം ചെയ്ത് സങ്കീര്‍ണ്ണതകള്‍ കുറച്ച്, രോഗമുക്തി വേഗത്തിലാക്കാനുള്ള പദ്ധതിയും ഇതില്‍ പെടും.
സ്‌പെഷ്യലിസ്റ്റിന് റഫര്‍ ചെയ്താല്‍ 62 ദിവസത്തിനകം 85 ശതമാനം രോഗികള്‍ക്കും ചികിത്സ തുടങ്ങണമെന്നാണ് നിര്‍ദ്ദേശമെങ്കിലും 2014 മുതല്‍ ഈ ലക്ഷ്യം എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല. സമയം നഷ്ടമാക്കുന്നത് ട്യൂമറുകള്‍ വ്യാപിക്കാന്‍ വഴിയൊരുക്കി ജീവന്‍ അപകടത്തിലാക്കും.