ഇമിഗ്രേഷന്‍

യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍

യുകെയുടെ അതിര്‍ത്തികള്‍ ഡിജിറ്റലാവുന്നു. ഇതിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങളില്‍ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' (No Permission, No Travel) എന്ന കര്‍ശന നയം നടപ്പിലാക്കുന്നു. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പരിഷ്കാരം അനുസരിച്ച്, യുകെയിലേക്ക് വി സയില്ലാതെ പ്രവേശിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇനി മുതല്‍ മുന്‍കൂട്ടിയുള്ള ഇലക്ട്രോണിക് അനുമതി പത്രം (Electronic Travel Authorisation – ETA) കൈവശം വെക്കേണ്ടതുണ്ട്. അതിര്‍ത്തികള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം (Home Office) ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തുടങ്ങി വിസയില്ലാതെ യുകെ സന്ദര്‍ശിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെയിലേക്ക് നേരിട്ട് പറക്കാമായിരുന്നു.

എന്നാല്‍ പുതിയ നിയമം വരുന്നതോടെ, ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്ര തിരിക്കുന്നതിന് മുന്‍പ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ യാത്രാ അനുമതി തേടണം. ഇത് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കാനും സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കാനും സര്‍ക്കാരിനെ സഹായിക്കും.

ഫെബ്രുവരി 25 മുതല്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) അല്ലെങ്കില്‍ സാധുവായ ഒരു ഡിജിറ്റല്‍ വിസ (eVisa) ഇല്ലാതെ യാതൊരു കാരണവശാലും യുകെയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. വിമാനക്കമ്പനികള്‍ക്കും കപ്പല്‍ സര്‍വീസുകള്‍ക്കും ട്രെയിന്‍ അധികൃതര്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ഓരോ യാത്രക്കാരന്റെയും യാത്രാ അനുമതി പരിശോധിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. അനുമതിയില്ലാത്ത യാത്രക്കാരെ കയറ്റുന്ന കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തും.

ഒരാള്‍ക്ക് 16 പൗണ്ട് ആണ് ഇ.ടി.എ നിരക്ക്. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഈ ഫീസ് ബാധകമാണ്. ഒരിക്കല്‍ ലഭിച്ചാല്‍ ഇതിന് രണ്ടു വര്‍ഷം വരെ കാലാവധിയുണ്ടാകും. എന്നാല്‍ ഇതിനിടയില്‍ പാസ്‌പോര്‍ട്ട് കാലാവധി തീരുകയാണെങ്കില്‍ പുതിയ ഇ.ടി.എ എടുക്കേണ്ടി വരും.

ഇ.ടി.എ കാലാവധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും യുകെയിലേക്ക് സന്ദര്‍ശനത്തിനായി വരാന്‍ സാധിക്കും. സാധാരണയായി ആറുമാസം വരെയുള്ള ഹ്രസ്വകാല സന്ദര്‍ശനങ്ങള്‍ക്കും ട്രാന്‍സിറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഇത് അനുവദിക്കുന്നത്.

യുകെയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഈ നിയമം ഏറെ നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും ബ്രിട്ടിഷ് പൗരത്വത്തോടൊപ്പം മറ്റ് വിദേശ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം:

ബ്രിട്ടിഷ്/ഐറിഷ് പൗരന്മാര്‍ക്ക് ETA ആവശ്യമില്ല. എന്നാല്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ബ്രിട്ടിഷ് അല്ലെങ്കില്‍ ഐറിഷ് പാസ്‌പോര്‍ട്ട് തന്നെ ഉപയോഗിക്കണം.

മറ്റൊന്ന് നിങ്ങള്‍ ബ്രിട്ടിഷ് പൗരനാണെങ്കിലും യാത്രാവേളയില്‍ നിങ്ങളുടെ വിദേശ പാസ്‌പോര്‍ട്ട് (ഉദാഹരണത്തിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ യൂറോപ്യന്‍ പാസ്‌പോര്‍ട്ടോ) ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിങ്ങളുടെ 'ബ്രിട്ടിഷ് പൗരത്വം' തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളോ ‘Certificate of Entitlement’ സ്റ്റാമ്പോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സിസ്റ്റം നിങ്ങളെ ഒരു വിദേശ സന്ദര്‍ശകനായി കണക്കാക്കുകയും ETA ഇല്ലെന്ന കാരണത്താല്‍ യാത്ര തടയുകയും ചെയ്യും. യാത്ര പ്ലാന്‍ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പെങ്കിലും ETA-യ്ക്കായി അപേക്ഷിക്കണം.

സ്മാര്‍ട്ട്‌ഫോണിലെ ആപ്പ് വഴി വളരെ വേഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. നിങ്ങളുടെ പാസ്‌പോര്‍ട്ട് സ്കാന്‍ ചെയ്യാനും ഫോട്ടോ അപ്‌ലോഡ് ചെയ്യാനും ഇത് സഹായിക്കും. ഔദ്യോഗിക വെബ്‌സൈറ്റ്: gov.uk എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. ഭൂരിഭാഗം അപേക്ഷകളിലും മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കുമെങ്കിലും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നാല്‍ ഇത് നീണ്ടുപോയേക്കാം.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് യുകെ സന്ദര്‍ശിക്കാന്‍ നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് വിസിറ്റര്‍ വിസ ആവശ്യമാണ്. അവര്‍ക്ക് ഈ ഇ.ടി.എ നിയമം നിലവില്‍ ബാധകമല്ല. എന്നാല്‍ യൂറോപ്പിലോ അമേരിക്കയിലോ താമസിക്കുന്ന മലയാളികള്‍ വിദേശ പാസ്‌പോര്‍ട്ടിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ അവര്‍ ഈ പുതിയ നിയമം കൃത്യമായി പാലിക്കേണ്ടതുണ്ട്. റെസിഡന്‍സ് പെര്‍മിറ്റുള്ളവരും തങ്ങളുടെ വിസ സ്റ്റാറ്റസ് പാസ്‌പോര്‍ട്ടുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

അതായത് ഇനി യുകെയിലേക്കുള്ള യാത്രയ്ക്ക് പാസ്‌പോര്‍ട്ട് മാത്രം പോരാ, കൂടെ ഡിജിറ്റല്‍ അനുമതിയും ആവശ്യമാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് ഈ സുപ്രധാന രേഖ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തി അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions