യു.കെ.വാര്‍ത്തകള്‍

യുകെ മലയാളിയുടെ മരണം: തുടര്‍നടപടികള്‍ക്ക് കാത്ത് കുടുംബം, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന

യുകെയിലെ കവന്ററിയില്‍ കാണാതായ തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി സ്മൃതിയില്‍ സി. ജയകുമാര്‍ - ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്ക് കാത്ത് നാട്ടിലെ കുടുംബം.

വിഷ്ണുവിന്റെ മൃതദേഹം കവന്ററിയിലെ ഒരു തടാകത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ വിഷ്ണുവിനെ കാണാനില്ലായിരുന്നതായി കുടുംബം അറിയിച്ചു. തുടര്‍ന്ന് നാലാം തീയതിയാണ് മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി നേടുന്നതിനായി 2022ല്‍ യുകെയിലെത്തിയ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗോകുല്‍ ആണ് വിഷ്ണുവിന്റെ സഹോദരന്‍.

കവന്ററിയിലെ സ്വാന്‍ ലേക്ക് പരിസരത്താണ് അവസാനമായി കണ്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കുകയും തിരച്ചില്‍ വ്യാപകമാക്കുകയും ചെയ്തിരുന്നു. വിഷ്ണുവിനെ കണ്ടെത്തുന്നതിനായി യുകെയിലെ മലയാളി സമൂഹം സജീവമായി രംഗത്തെത്തിയിരുന്നു. വിഷ്ണുവിന്റെ ചിത്രവും വിവരങ്ങളും സാമൂഹ്യമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിപ്പിച്ച് സഹായം തേടിയിരുന്നു. എന്നാല്‍ പിന്നീട് മൃതദേഹം കണ്ടെത്തിയെന്ന ദുഃഖകരമായ വാര്‍ത്ത പുറത്തുവരികയായിരുന്നു.

വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും നിലവില്‍ മരണത്തില്‍ കുറ്റകരമായ ഇടപെടലുകളുടെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുടുംബത്തെ അറിയിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും തുടര്‍നടപടികള്‍ക്കായി കേസ് കൊറോണറുടെ ഓഫിസിന് കൈമാറിയതായും അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടക്കുമെന്നാണ് വിവരം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ത്തി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ വിഷ്ണുവിന്റെ മരണത്തെ സംബന്ധിച്ച് പ്രചരിപ്പിക്കരുതെന്ന് കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ ദുഃഖകരമായ സമയത്ത് ലഭിക്കുന്ന പിന്തുണയ്ക്ക് കുടുംബം നന്ദി രേഖപ്പെടുത്തി.

  • ഇറാന്‍ യുദ്ധവും വിലക്കയറ്റവും: വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്
  • പള്ളിയ്ക്ക് പുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നൂറുകണക്കിന് പേരുടെ പ്രതിഷേധം
  • ഡ്രൈവിംഗ് ഫീസ് വെളിപ്പെടുത്താതെ ഉപഭോക്താക്കളെ കബളിപ്പിച്ചു: എഎയും ബിഎസ്എയും 760,000 പൗണ്ട് തിരിച്ചു നല്‍കണം
  • എന്‍എച്ച്എസില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി
  • യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകം
  • മോട്ടബിലിറ്റി ബ്ലാക് ബോക്‌സ് നിയമം പ്രാബല്യത്തില്‍; ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
  • സ്കൂള്‍ ഭക്ഷണത്തില്‍ കര്‍ശന മാറ്റങ്ങള്‍; ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ക്ക് നിരോധനം, പഞ്ചസാരയ്ക്കും നിയന്ത്രണം
  • കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍
  • 21000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍; നഴ്‌സുമാര്‍ക്കും ആശങ്ക!
  • സ്റ്റാമ്പ് ഡ്യൂട്ടി ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions