ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
വിലക്കയറ്റം അതേപടി നില്‍ക്കുമ്പോഴും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കടുത്ത സമ്മര്‍ദം നേരിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇഴയാന്‍ തുടങ്ങിയതോടെയാണ് ബാങ്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധിതമാകുന്നത്.
കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ജിഡിപി കേവലം 0.1 ശതമാനം മാത്രം വളര്‍ച്ച നേടിയെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നത്.
അടുത്ത ഏതാനും യോഗങ്ങളില്‍ ഒരു കട്ടിംഗ് പ്രതീക്ഷിക്കാമെന്ന് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സാറാ ബ്രീഡെന്‍ സൂചിപ്പിച്ചു. ഇതോടെ 3.75 ശതമാനത്തില്‍ നിന്നും പലിശ നിരക്കുകള്‍ 3.5 ശതമാനത്തിലേക്ക് താഴാനുള്ള സാധ്യത 63 ശതമാനം ഉയര്‍ന്നതായി വിപണികള്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ 5-4 എന്ന വ്യത്യാസത്തിലാണ് പലിശ നിരക്കുകള്‍ നിലനിര്‍ത്താനുള്ള തീരുമാനം ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി കൈക്കൊണ്ടത്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ് അംഗങ്ങളെ ആശങ്കയിലാക്കുന്നത്.
ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ബ്രിട്ടന്‍ നേരിടുന്നത്. എന്നാല്‍ മറുഭാഗത്ത് വളര്‍ച്ച കുറയുന്നതും, തൊഴിലില്ലായ്മ വര്‍ധിക്കുന്നതും ഗവണ്‍മെന്റിന് കടുത്ത ആശങ്കയാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ കണക്കുകള്‍ വലിയ വെല്ലുവിളിയാണ്. വളര്‍ച്ച സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്ത ബജറ്റുകള്‍ എതിര്‍ഫലം സൃഷ്ടിക്കുന്നത് അവര്‍ക്ക് നാണക്കേടാണ്.
അതിനിടെ, സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ പുതിയ വില യുദ്ധത്തിന് കളമൊരുങ്ങുന്നു. മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ 0.16 ശതമാനം പോയിന്റിന്റെ കുറവ് വരുത്തിയിരിക്കുകയാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. ഇന്നുമുതല്‍ വലിയ ഡെപ്പോസിറ്റുള്ളവര്‍ക്ക് 3.54 ശതമാനം വരെ ഫിക്‌സഡ് റേറ്റുകള്‍ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം.
ഈ മാറ്റങ്ങള്‍ ആദ്യമായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലമായിട്ടുള്ള കാര്യമാണ്. കൂടാതെ വീട് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കും, ഡീലുകള്‍ സ്വിച്ച് ചെയ്യുന്നവര്‍ക്കും ഇത് അനുഗ്രമാകും. 2, 3, 5 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളില്‍ നിരക്കുകള്‍ താഴും.
10 ദിവസം മുന്‍പ് നിരക്കുകള്‍ ഉയര്‍ത്തിയ ശേഷമാണ് നേഷന്‍വൈഡിന്റെ പുനരാലോചന. വിര്‍ജിന്‍ മണി, നാറ്റ്‌വെസ്റ്റ്, സാന്‍ടാന്‍ഡര്‍ എന്നിവരും നിരക്കുകള്‍ കൂട്ടിയിരുന്നു. 40 ശതമാനം ഡെപ്പോസിറ്റുള്ളവര്‍ക്ക് വീട് മാറുമ്പോള്‍ 3.54 ശതമാനത്തില്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നല്‍കാനാണ് നേഷന്‍വൈഡ് തയ്യാറാകുന്നത്.
ഇത് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 1499 പൗണ്ടിന്റെ ഫീസ് നല്‍കേണ്ടി വരുമെന്നത് മാത്രമാണ് പ്രശ്‌നം. തൊട്ടടുത്തുള്ള സാന്‍ടാന്‍ഡറിന്റെ 3.55 ശതമാനം ഓഫറില്‍ 749 പൗണ്ടാണ് ഫീ. 15 ശതമാനം ഡെപ്പോസിറ്റുമായി വീട് മാറുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് നിരക്ക് 3.94 ശതമാനത്തിനും നേഷന്‍വൈഡ് ലഭ്യമാക്കും. ഇതിലും 1499 പൗണ്ട് ഫീസുണ്ട്.