ഇമിഗ്രേഷന്‍

സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും


ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച കുടിയേറ്റ നിയമത്തിലെ പരിഷ്‌കാരങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നു. പാര്‍ട്ടിക്കുള്ളിലെ കടുത്ത ഇടതുപക്ഷ എംപിമാരാണ് ഇപ്പോള്‍ പുതിയ കുടിയേറ്റ നയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത കടുത്ത നിയമങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി എംപിമാരാണ് സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

മാന്‍ഡേഴ്‌സന്‍ വിവാദത്തില്‍ തിരിച്ചടി നേരിടുന്ന സ്റ്റാര്‍മര്‍ക്ക് മറ്റൊരു ആഘാതം ആയിരിക്കുകയാണ് യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്റെ പിന്തുണയോടെയുള്ള ഈ നീക്കം. യുകെയില്‍ സ്ഥിരതാമസത്തിനും ജോലി ചെയ്യുന്നതിനും, അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുമുള്ള അനുമതി നല്‍കുന്ന പെര്‍മെനന്റ് സെറ്റില്‍മെന്റ് (പി ആര്‍) സ്റ്റാറ്റസിനുള്ള സാധാരണ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമാക്കാനാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ആലോചിക്കുന്നത്. കെയറര്‍മാര്‍ക്ക് ഇത് 15 വര്‍ഷവും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഇത് 20 വര്‍ഷവും ആക്കിയേക്കും.

ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതെയിരിക്കുക, എ ലെവല്‍ നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ട്. അതേസമയം, അപേക്ഷകര്‍ ഉയര്‍ന്ന വരുമാനമുള്ളവരും, ബ്രിട്ടനിലെ തന്ത്രപ്രധാന മേഖകളില്‍ ഏതിലെങ്കിലും പ്രധാനപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍ കഴിവുള്ളവരുമാണെങ്കില്‍ ഈ കാത്തിരിപ്പ് കാലാവധി കുറച്ചു കിട്ടും. റിഫോം യു കെയുടെ വളര്‍ച്ചയ്ക്ക് തടയിടുക എന്ന ലക്‌ഷ്യം വച്ച് കുടിയേറ്റത്തിന്റെ കാര്യത്തില്‍ കര്‍ക്കശ നിലപാട് എടുക്കുന്നു എന്ന് കാണിക്കാനാണ് മന്ത്രിസഭ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.

സര്‍ക്കാരിന്റെ ഈ നയത്തിനെതിരെയാണ് ഇപ്പോള്‍ 35 ലേബര്‍ എംപിമാരും യൂണിസന്‍ യൂണിയന്‍ നേതാവ് ആന്‍ഡ്രിയ എഗനും ഒപ്പിട്ട നിവേദനം എത്തിയിരിക്കുന്നത്. സെറ്റില്‍മെന്റ് മാനദണ്ഡങ്ങള്‍ മാറ്റാനുള്ള നീക്കം കുടിയേറ്റക്കാരോടുള്ള വഞ്ചനയാണെന്നും, സോഷ്യല്‍ കെയര്‍ പോലുള്ള പല മേഖലകളിലും ഇത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിവേദനത്തില്‍ പറയുന്നു. പരസ്പര സമ്മതത്തോടെ ഇവിടെ ജോലി ചെയ്യാന്‍ എത്തുന്നവരുമായുള്ള കരാര്‍ പാതിവഴിയില്‍ റദ്ദാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ കെയര്‍ മേഖലയെ അപ്പാടെ തകര്‍ക്കുന്നതാണ് ഇത്തരമൊരു നീക്കമെന്നും അവര്‍ കത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നിലവില്‍ യുകെയിലുള്ള കുടിയേറ്റക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും പുതിയ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വര്‍ധിച്ചു വരുന്ന കുടിയേറ്റത്തിനെതിരെ സര്‍ക്കാരിന് പ്രതികരിച്ചേ മതിയാകൂ എന്ന നിലപാടാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്.

അതേസമയം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തികഞ്ഞ മൗനം പാലിക്കുകയാണ്. കുടിയേറ്റ നയത്തില്‍ കൂടുതല്‍ കര്‍ക്കശ സമീപനമുള്ള റിഫോം യുകെ അധികാരത്തിലെത്തുന്നത് കുടിയേറ്റക്കാരുടെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്.

  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions