യുകെ മൈഗ്രേഷന്‍ ഈ വര്‍ഷം നെഗറ്റീവില്‍ കലാശിക്കുംമെന്നു റിപ്പോര്‍ട്ട്. യുകെ ലേബര്‍ ഗവണ്‍മെന്റ് നടത്തുന്ന ഇമിഗ്രേഷന്‍ നിയന്ത്രണ നടപടികളാണ് യൂണിവേഴ്‌സിറ്റികളെയും ബില്‍ഡര്‍മാരെയും ഹെല്‍ത്ത് ട്രസ്റ്റുകളെയും ബാധിക്കുന്നത്. അടുത്തിടെ ഗ്രീന്‍വിച്ച്, കെന്റ് യൂണിവേഴ്‌സിറ്റികള്‍ ലയനം പ്രഖ്യാപിച്ചത് പോലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാണ്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശത്ത് നിന്നും ലഭിച്ചിരുന്ന അപേക്ഷകളും ചുരുങ്ങി. ഇവര്‍ക്ക് അനസ്യൂതം ലഭിച്ചിരുന്ന വമ്പന്‍ ട്യൂഷന്‍ ഫീസ് നഷ്ടമാകുകയും യൂണിവേഴ്‌സിറ്റികള്‍ സാമ്പത്തിക ഞെരുക്കത്തിലാകുകയും ചെയ്തു.
കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മുതല്‍ ഹെല്‍ത്ത് ട്രസ്റ്റുകളും, കെയര്‍ ഹോമുകളും വിദേശ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയാതെ ആശങ്കപ്പെട്ട് നില്‍ക്കുകയാണ്. വിദേശ സ്‌കില്‍ഡ് ജീവനക്കാരെ ആശ്രയിക്കുന്നത് വെട്ടിച്ചുരുക്കാനുള്ള ഹോം ഓഫീസിന്റെ പുതിയ നിയമങ്ങളാണ് ഇതിന് കാരണം.
പുതിയ നിയമങ്ങളെ അതിജീവിച്ച് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും അവകാശം നേടുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി ഈയാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് നെറ്റ് മൈഗ്രേഷന്‍ 1 മില്ല്യണിലേക്ക് കുതിച്ചുയര്‍ന്ന ശേഷം ഇപ്പോള്‍ യുകെയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. 1993ന് ശേഷം ആദ്യമായി നെറ്റ് മൈഗ്രേഷന്‍ പൂജ്യം തൊടുമെന്നും കരുതുന്നു.
റിഫോം യുകെ സൃഷ്ടിക്കുന്ന സമ്മര്‍ദത്തില്‍ നിന്നും കണക്കുകള്‍ സ്റ്റാര്‍മര്‍ക്ക് പ്രതിരോധം നല്‍കുമ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഇത് നഷ്ടക്കണക്കാണ്. കുടിയേറ്റക്കാരെ ആശ്രയിക്കുന്ന ബിസിനസ്സുകളെ ഇത് ബാധിക്കുകയും, ട്രഷറിക്ക് നഷ്ടം നേരിടുകയും ചെയ്യും. സീറോ നെറ്റ് മൈഗ്രേഷന്‍ ബ്രക്‌സിറ്റിന് തുല്യമായ ഫലമാണ് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സൃഷ്ടിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കി. ഇത് സംഭവിച്ചാല്‍ 2040 തികയുമ്പോള്‍ യുകെ വാര്‍ഷിക വരുമാനത്തിലെ 3.7% നഷ്ടമാകുമെന്ന് ഇവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.