കുടിയേറ്റ നിയന്ത്രണങ്ങള്‍മൂലം ബ്രിട്ടനിലെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്. വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 93 ശതമാനം ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുമൂലം ആശുപത്രികളും കെയര്‍ ഹോമുകളും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2022-ല്‍ 26,100 വിദേശ നഴ്സുമാര്‍ക്ക് പ്രവേശനാനുമതി നല്‍കിയപ്പോള്‍ 2025-ല്‍ ഇത് വെറും 1,777 ആയി ചുരുങ്ങി. കെയര്‍ വര്‍ക്കര്‍മാര്‍, നഴ്സിംഗ് അസിസ്റ്റന്റുമാര്‍, ആംബുലന്‍സ് സ്റ്റാഫ് എന്നിവ ഉള്‍പ്പെടുന്ന 'കെയറിംഗ് പേഴ്സണല്‍ സര്‍വീസ്' വിഭാഗത്തില്‍ 2023-ല്‍ 1,07,847 പേര്‍ക്ക് വിസ നല്‍കിയിരുന്നത് 2025-ല്‍ 3,178 ആയി കുറഞ്ഞു. 97 ശതമാനം ഇടിവ് ആണ് ഈ വിഭാഗത്തില്‍ മാത്രം ഉണ്ടായിരിക്കുന്നത്.
2025 ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ വെറും 23 വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് പ്രവേശനം ലഭിച്ചത്. വിദേശ റിക്രൂട്ട്മെന്റിലെ ഈ കുത്തനെയുള്ള ഇടിവ് ആശുപത്രികള്‍ക്കും കെയര്‍ ഹോമുകള്‍ക്കും ഗുരുതര ആഘാതമുണ്ടാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.
കുടിയേറ്റ നയങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ഈ ഇടിവ് ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കാരണം പ്രാവീണ്യമുള്ള തൊഴിലാളികളുടെ വിസകള്‍ കുറഞ്ഞ് 2021-നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ശാസ്ത്രം, ഗവേഷണം, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ വിദഗ്ധര്‍ക്കുള്ള വിസ 2022-ലെ 24,843 എന്ന ഉയര്‍ന്ന നിലയില്‍ നിന്ന് 2025-ല്‍ 9,072 ആയി കുറഞ്ഞു. അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിസ രണ്ട് വര്‍ഷത്തിനിടെ 71 ശതമാനം കുറഞ്ഞ് 2,611ല്‍ നിന്ന് 751 ആയി. 25,000 നഴ്സിംഗ് ഒഴിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ നഴ്സുമാരുടെ വരവ് കുറഞ്ഞത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടാക്കാണിക്കുന്നു. ആഭ്യന്തര റിക്രൂട്ട്മെന്റ് മന്ദഗതിയിലായതിനാല്‍ സ്ഥിതി ഏറ്റവും മോശം ഘട്ടത്തിലാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിലെ ചീഫ് നഴ്സിംഗ് ഓഫീസര്‍ ലിന്‍ വൂള്‍സി പറഞ്ഞു. ബ്രിട്ടനിലേക്ക് വരുന്ന തൊഴിലാളികളെ ജീവിത ചെലവിലെ വര്‍ധനയും ദൈര്‍ഘ്യമേറിയ പിആര്‍ നടപടികളും പിന്തിരിപ്പിക്കുന്നതായുമുള്ള അഭിപ്രായം ശക്തമാണ്.
സാമൂഹ്യ പരിചരണ മേഖലയ്ക്ക് വിദേശ തൊഴിലാളികളുടെ കുറവ് വലിയ തിരിച്ചടിയാണെന്ന് നാഷണല്‍ കെയര്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് ചെയര്‍ നദ്ര അഹമ്മദ് പറഞ്ഞു. ആഭ്യന്തര തൊഴിലാളികള്‍ അപേക്ഷിക്കാത്തതിനാല്‍ അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചില കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതായും അവര്‍ അറിയിച്ചു. ദി കിംഗ്സ് ഫണ്ടിലെ സീനിയര്‍ ഫെലോ സൈമണ്‍ ബോട്ടറി, വിദേശ റിക്രൂട്ട്മെന്റ് കുറയുന്നത് സാമൂഹ്യ പരിചരണ മേഖലയിലെ പുതിയ യാഥാര്‍ത്ഥ്യമാണെന്നും ആഭ്യന്തര തൊഴിലാളികളെ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കെയര്‍ വര്‍ക്കര്‍മാരുടെ വിദേശ റിക്രൂട്ട്മെന്റ് ദുരുപയോഗവും ചൂഷണവും കാരണം നിര്‍ത്തിവച്ചതാണെന്നും, പ്രാവീണ്യമുള്ള തൊഴിലാളികള്‍ക്കുള്ള വിസയ്ക്ക് ബിരുദതല യോഗ്യതാ മാനദണ്ഡം പുനഃസ്ഥാപിച്ചതായും ആണ് ഹോം ഓഫീസ് വക്താവ് പുറത്തുവരുന്ന വിവരങ്ങളോട് പ്രതികരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് ആകെ കുടിയേറ്റം ഏകദേശം 70 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.