യു.കെ.വാര്‍ത്തകള്‍

ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍

ഇറാന്‍- അമേരിക്ക- ഇസ്രയേല്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലേക്ക് പോകുമോയെന്ന് ലോകം ആശങ്കപ്പെടുമ്പോള്‍ , ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളില്‍ എംപിമാര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായി. പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ സ്ട്രിക്റ്റ്ലി കം ഡാന്‍സിംഗ് താരങ്ങളോടൊപ്പം എംപിമാര്‍ ചുവടുവെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നൃത്തം ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിലെ പോര്‍ട്ട്കള്ളീസ് ഹൗസില്‍ പരിപാടി സംഘടിപ്പിച്ചത്. പ്രൊഫഷണല്‍ കൊറിയോഗ്രാഫര്‍ കായ് വിഡ്രിംഗ്ടണിന്റെ നിര്‍ദ്ദേശാനുസരണം ഗ്രീന്‍ പാര്‍ട്ടി എംപി ഹന്ന സ്‌പെന്‍സര്‍, കണ്‍സര്‍വേറ്റീവ് എംപി കരോലിന്‍ നോക്‌സ്, ലേബര്‍ പാര്‍ട്ടിയുടെ കിം ലീഡ്ബീറ്റര്‍ തുടങ്ങി വിവിധ പാര്‍ട്ടികളിലെ പ്രമുഖര്‍ പങ്കെടുത്തു.

എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ആഘോഷം നടത്തിയത് അനുചിതമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ലേബര്‍ പാര്‍ട്ടി എംപി സറ സുല്‍ത്താന, 'ലോകം യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍ എംപിമാര്‍ നൃത്തം ചെയ്യുന്നത് വെസ്റ്റ്മിന്‍സ്റ്ററിന്റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നത്,' എന്ന് പ്രതികരിച്ചു. മുന്‍ മന്ത്രി നദീം സഹാവിയും ബ്രിട്ടന്റെ സുരക്ഷയെ ബാധിക്കുന്ന ആണവായുധ ഭീഷണി നിലനില്‍ക്കുമ്പോള്‍ ഇത്തരം ദൃശ്യങ്ങള്‍ മോശമായ സന്ദേശമാണെന്ന് വിമര്‍ശിച്ചു.

സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാരായ ജനങ്ങളും രൂക്ഷമായി പ്രതികരിച്ചു. 'രാജ്യം ആഗോള അടിയന്തരാവസ്ഥ നേരിടുമ്പോള്‍ നമ്മുടെ എംപിമാര്‍ ബോള്‍റൂം ഡാന്‍സ് കളിക്കുകയാണ്,' എന്നായിരുന്നു ഒരാളുടെ പരിഹാസം. ചൈനീസ് ചാരന്മാര്‍, സാമ്പത്തിക പ്രതിസന്ധി, നാവികസേനയുടെ അഭാവം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നികുതിപ്പണം കൊണ്ട് രാഷ്ട്രീയ നേതാക്കള്‍ ആഘോഷം നടത്തുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പലരും കുറ്റപ്പെടുത്തി.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions