ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതാ ഒരു മലയാളിയുടെ പേര് തങ്കലിപികളാല്‍ എഴുതപ്പെട്ടിരിക്കുന്നു. ഇന്ത്യയെ സെമിയിലേയ്ക്കും ഫൈനലിലേയ്ക്കും കിരീടത്തിലേയ്ക്കും നയിച്ച സഞ്ജു സാംസണ്‍ ഇനി ചിത്ര പുസ്തകത്തില്‍ എല്ലാ കാലവും ഉണ്ടായിരിക്കും. കഴിഞ്ഞ ലോകകപ്പിലുടനീളം ടീമില്‍ ഉണ്ടായിരുന്നിട്ടും സൈഡ് ബെഞ്ചിലിരുന്നു കളികാണേണ്ടിവന്നിട്ടും ഈ ലോകകപ്പിന്റെ തുടക്കത്തിലും പുറത്തിരിക്കേണ്ടിവന്നിട്ടും കാലത്തിന്റെ കാവയനീതി മായ്ക്കാനായില്ല. ഫലം ഇന്ത്യയെ ഒറ്റയ്ക്ക് സെമിയിലേയ്ക്കും കിരീടത്തിലേയ്ക്കും ഒരു മലയാളി നയിച്ചിരുന്നു.
അഞ്ചു മത്സരങ്ങളില്‍ നിന്നായി 321 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു പരമ്പരയിലെയും താരമായി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഐ.സി.സി. ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്ണിന് തകര്‍ത്ത് ആണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. ഫൈനലില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ കളിയിലെ താരമായി.
ഈ വിജയത്തോടെ ടി-20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കി. 2007, 2024 വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ക്കൊപ്പം ഇത്തവണത്തെ വിജയവും ചേര്‍ന്നതോടെ കുട്ടിക്രിക്കറ്റില്‍ ഇന്ത്യ കിരീട ഹാട്രിക് പൂര്‍ത്തിയാക്കി. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇതേ മൈതാനത്ത് ഓസ്‌ട്രേലിയയോടേറ്റ തോല്‍വിയുടെ കയ്പ്പുള്ള ഓര്‍മ്മകള്‍ മായ്ക്കാനും ഈ തകര്‍പ്പന്‍ ജയത്തിലൂടെ ടീം ഇന്ത്യക്ക് സാധിച്ചു.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് (46 പന്തില്‍ 89 റണ്‍സ്) ഇന്ത്യന്‍ സ്കോര്‍ 255-ല്‍ എത്തിച്ചത്. സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ (52), ഇഷാന്‍ കിഷന്‍ (54) എന്നിവരും അര്‍ധസെഞ്ചുറികളുമായി തിളങ്ങി. ബൗളിംഗില്‍ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് നിര്‍ണായക വിക്കറ്റുകള്‍ പിഴുത ജസ്പ്രീത് ബുംറയാണ് ന്യൂസിലന്‍ഡിന്റെ പതനം വേഗത്തിലാക്കിയത്.
തുടക്കം മുതല്‍ അക്രമിച്ച് കളിച്ച സഞ്ജുവും അഭിഷേകും ചേര്‍ന്ന് പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയെ 92 റണ്‍സിലെത്തിച്ചു. വെറും എട്ട് ഓവറില്‍ ടീം സ്കോര്‍ നൂറ് കടന്നു. അഭിഷേക് പുറത്തായെങ്കിലും ഇഷാന്‍ കിഷന്‍ 23 പന്തില്‍ അര്‍ധസെഞ്ചുറി നേടി സഞ്ജുവിനൊപ്പം ചേര്‍ന്ന് നൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12-ാം ഓവറില്‍ 150 കടന്ന ഇന്ത്യക്ക് നായകന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായെങ്കിലും അതൊന്നും സ്കോറിംഗിനെ ബാധിച്ചില്ല.
ഭീമമായ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അവരെ സമ്മര്‍ദ്ദത്തിലാക്കി. തകര്‍പ്പന്‍ ഫീല്‍ഡിംഗും കൃത്യതയാര്‍ന്ന ബൗളിംഗും ഒത്തുചേര്‍ന്നതോടെ കിവികള്‍ക്ക് മറുപടിയില്ലാതാവുകയും ഇന്ത്യ വീണ്ടും ലോകകിരീടത്തില്‍ മുത്തമിടുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ടീം മൂന്ന് തവണ ടി-20 ലോകകപ്പ് നേടുന്നത്.
'വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതിാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു, എന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ദൈവത്തിന് മറ്റ് ചില പദ്ധതികളുണ്ടായിരുന്നു.' സഞ്ജു പറഞ്ഞു.