യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക

കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് രോഗബാധ കൂടുതല്‍ പേരിലേക്ക്. കാന്റര്‍ബറി അക്കാദമിയിലെ ഒരു സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി അക്കാദമി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കെഴുതിയ ഈമെയിലില്‍ പറയുന്നു. യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ നിര്‍ദ്ദേശപ്രകാരമുള്ള അറിയിപ്പാണെന്ന് പറയുന്ന സന്ദേശത്തില്‍ തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്താനായതില്‍ മരുന്നുകളോട് വിദ്യാര്‍ത്ഥി നല്ല നിലയിലാണ് പ്രതികരിക്കുന്നതെന്നും പറയുന്നുണ്ട്. നേരത്തെ ആഷ്‌ഫോര്‍ഡിലെ ഹൈവര്‍ത്ത് ഗ്രാമര്‍ സ്‌കോളും തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ മെനിഞ്ചൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചിരുന്നു.

ഡെയിന്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ മെനിഞ്ചൈറ്റിസ് എന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഫേവര്‍ഷാമിലെ ക്യൂന്‍ എലിസബത്ത്‌സ് ഗ്രാമര്‍ സ്‌കൂള്‍, ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബുള്ളിലെ സൈമണ്‍ ലാംഗ്ടണ്‍ ബോയ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് കെന്റ്, കാന്റര്‍ബറി ക്യാമ്പസ്സില്‍ പ്രത്യേക വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ് .

യൂണിവേഴ്‌സിറ്റി ഓഫ് കെന്റ്, കാന്റര്‍ബറി ക്യാമ്പസിലെ ഹോള്‍സ് ഓഫ് റെസിഡന്‍സില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിന്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. വിരളമായിട്ടാണെങ്കിലും, മരണകാരണം വരെ ആയേക്കാവുന്ന രോഗത്തിന്റെ അസാധാരണമായ വ്യാപനം എന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ സാഹചര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

മെനിഞ്ചൈറ്റിസ് വ്യാപനം വര്‍ദ്ധിക്കുകയും, വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന നിര്‍ദ്ദേശം വരികയും ചെയ്തതോടെ ആശങ്കാകുലരായ മാതാപിതാക്കള്‍ മെനിന്‍ഞ്ചൈറ്റിസ് വാക്‌സിനായി ഫാര്‍മസികള്‍ കയറിയിറങ്ങുകയാണ്, മെനിഞ്ചൈറ്റിസ് വ്യാപനത്തില്‍ ഇതുവരെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും 13 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെ ഇപ്പോള്‍ വാക്‌സിന് ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല ഫാര്‍മസികള്‍ക്കും മൊത്തവിതരണക്കാരില്‍ നിന്നും ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രി നൈറ്റ്ക്ലബ്ബില്‍ 5, 6, 7 തീയതികളിലായി നടന്ന പരിപാടികളില്‍ പങ്കെടുത്തവരില്‍ ആരംഭിച്ച മെനിന്‍ഞ്ചൈറ്റിസ് വ്യാപനം കെന്റിന് പുറത്തേക്ക് പടര്‍ന്നിട്ടില്ലെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി എജന്‍സി (യുകെ എച്ച്എസ്എ) ഉറപ്പിച്ചു പറയുന്നത്. മരണപ്പെട്ട രണ്ടുപേരും, ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന 13 പേരും ആരൊക്കെയായിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടു എന്നറിയുന്നതിനായി യുകെ എച്ച്എസ്എ വിപുലമായ ഒരു കാമ്പയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
വളരെ ഗുരുതരമായ സാഹചര്യമായതിനാല്‍, കെന്റിലുണ്ടായ രോഗവ്യാപനത്തെ ഒരു പ്രാദേശിക വിഷയം എന്നതിലുപരി ഒരു ദേശീയ ആശങ്കയായിട്ടു തന്നെയാണ് യുകെ എച്ച്എസ്എ കൈകാര്യം ചെയ്യുന്നത്.

ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് ഉടനീളം രോഗം പരത്തി, ഇന്‍ഫെക്ഷന്റെ 'രണ്ടാം തരംഗത്തിന്' വഴിയൊരുക്കുമെന്നാണ് ആശങ്ക പരക്കുന്നത്.

കാന്റര്‍ബറി ക്ലസ്റ്ററില്‍ നിന്നും മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ പിടിപെട്ട ഫോക്ക്‌സ്‌റ്റോണില്‍ നിന്നുള്ള പിഞ്ചുകുഞ്ഞാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. വാക്‌സിനേഷന്‍ നേടിയ കുഞ്ഞിനാണ് രോഗബാധയെന്നതും ഞെട്ടിക്കുന്നു. ഈ കേസിന് നേരിട്ട് പ്രഭവകേന്ദ്രവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഈസ്റ്ററിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനാല്‍ കാന്റര്‍ബറിക്ക് പുറത്തേക്കും രോഗം പടരുമെന്നാണ് ആശങ്കയുണ്ട്. 14 ദിവസത്തെ ഇന്‍കുബേഷന്‍ പിരീഡ് ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് കരുതുന്നു. ക്ലബ് കെമിസ്ട്രിയാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്.

എന്നാല്‍ വിചാരിച്ചതിലും മുന്‍പ് തന്നെ ഇവിടെ ഇന്‍ഫെക്ഷന്‍ പടര്‍ന്നതായാണ് ഇപ്പോള്‍ വാദങ്ങള്‍ പുറത്തുവരുന്നത്. രോഗം പിടിപെട്ട ഒരു വിദ്യാര്‍ത്ഥി മാര്‍ച്ച് 4-നാണ് ഇവിടെ എത്തിയത്. 21 വയസ്സുകാരി അനാബെല്ലെ മാക്കെയ്ക്ക് കാഴ്ച നഷ്ടമാകുകയും, നടക്കാന്‍ ബുദ്ധിമുട്ടായി മാറുകയും ചെയ്ത് വീട്ടില്‍ കുഴഞ്ഞുവീഴുകയാണുണ്ടായത്.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions