യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് വ്യാപനം; കെന്റിലെ കേസുകള്‍ കുതിയ്ക്കുന്നു, വാക്‌സിന്‍ സ്വീകരിക്കാന്‍ വന്‍തിരക്ക്

കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് കേസുകളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധന. ഇപ്പോള്‍ 34 കേസുകള്‍ സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. വ്യാഴാഴ്ച 29 കേസുകളില്‍ നിന്ന സ്ഥാനത്താണ് ഈ വര്‍ധന. ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് കേസുകള്‍ കൂടുതലായി കണ്ടെത്തുന്നത്.

രോഗം പിടിപെടുന്നതില്‍ ആശങ്ക വര്‍ധിച്ചതോടെ ഇവിടുത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കാനായി രംഗത്ത് വരുന്നുണ്ട്. വെള്ളിയാഴ്ച ഡിമാന്‍ഡ് വര്‍ധിച്ചതോടെ ചിലരെ തിരിച്ച് അയയ്‌ക്കേണ്ടി വന്നത് ആശങ്ക വര്‍ധിക്കാനാണ് സഹായിച്ചത്.

കെന്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ക്ലിനിക്കില്‍ രാവിലെ മുതല്‍ തന്നെ 500-ലേറെ പേരാണ് നിരന്നത്. 8002 വാക്‌സിനുകളാണ് നല്‍കിയതെന്ന് എന്‍എച്ച്എസ് കെന്റ് & മെഡ്‌വെ പറഞ്ഞു. 12,157 ആന്റിബയോട്ടികളും നല്‍കിയിട്ടുണ്ട്.

പുതിയ കേസുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായി യുകെഎച്ച്എസ്എ വ്യക്തമാക്കി. എന്‍എച്ച്എസ് ഇംഗ്ലണ്ടുമായി ചേര്‍ന്ന് ശ്രദ്ധയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും കേസ് തിരിച്ചറിഞ്ഞാല്‍ വേഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ട്, അധികൃതര്‍ വ്യക്തമാക്കി.

യുവാക്കള്‍ വാക്‌സിന്‍ കിട്ടാതെ പോകുന്നതില്‍ ആശങ്ക വേണ്ടെന്നും, എത്രയും വേഗം ലഭ്യമാക്കുമെന്നും യുകെഎച്ച്എസ്എ ആവര്‍ത്തിക്കുന്നു.

ഇപ്പോള്‍ പടരുന്ന മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അതിവേഗം ആളുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. മുന്‍പത്തെ അപേക്ഷിച്ച് വേഗത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന വിധത്തില്‍ സ്‌ട്രെയിന്‍ രൂപം മാറിയിട്ടുണ്ടോയെന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്.

രോഗബാധ ലണ്ടന്‍ കോളേജിലേക്കും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോറിസണ്‍സിന്റെ വിതരണ കേന്ദ്രത്തിലേക്കും വ്യാപിച്ചു. മൂന്ന് സര്‍വകലാശാലാ ചിയര്‍ ലീഡര്‍മാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗവ്യാപനത്തിന്റെ വേഗത കണ്ട് മെഡിക്കല്‍ വിദഗ്ധര്‍ പോലും അമ്പരപ്പിലായിരിക്കുകയാണ്. കാന്റര്‍ബറിയിലെ 'ക്ലബ് കെമിസ്ട്രി' എന്ന നൈറ്റ് ക്ലബ് സന്ദര്‍ശിച്ചവരിലൂടെയാണ് രോഗം പ്രധാനമായും പടര്‍ന്നതെന്നാണ് നിഗമനം. ഈ മാസം അഞ്ചിന് ശേഷം ഇവിടെയെത്തിയവര്‍ ഉടന്‍ പ്രതിരോധ കുത്തിവെപ്പെടുക്കാനും ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

രോഗം പടരുന്ന പശ്ചാത്തലത്തില്‍ കെന്റിലെ നിരവധി കായിക പരിപാടികള്‍ റദ്ദാക്കി. ഈസ്റ്റര്‍ അവധിക്ക് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്കയും ശക്തമാണ്. രാജ്യത്ത് മെനഞ്ചൈറ്റിസ് ബി വാക്‌സിനുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഫാര്‍മസികളില്‍ വാക്‌സിന്‍ ലഭ്യമല്ലാത്തതിനെച്ചൊല്ലി ജീവനക്കാരും പൊതുജനങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാകുന്നുണ്ട്.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions