തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മൂന്ന് മുന്നണികളും ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം അവസാനിച്ചു. വൈകിട്ട് ആറ് മണി വരെയായിരുന്നു കൊട്ടിക്കലാശം. ബുധനാഴ്ച നിശബ്ദ പ്രചാരണമായിരിക്കും. ഒമ്പതാം തീയ്യതി കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. എല്‍ഡിഎഫ്, യുഡിഎഫ് ഭരണം ഉറപ്പെന്ന് അവകാശപ്പെടുമ്പോള്‍ നിര്‍ണായക സീറ്റുകള്‍ പിടിച്ചു കറുത്ത കുതിരയാകാനാണ് എന്‍ഡിഎ ശ്രമം. ഭരണവിരുദ്ധ വികാരം, അടിയൊഴുക്കുകള്‍ എന്നിവയാകും വിധി നിശ്ചയിക്കുക
വോട്ടെടുപ്പ് അടുത്തുവരവേ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് വമ്പന്‍ പ്രതീക്ഷയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരമാവധി നിയമസഭാ മണ്‌ഡലങ്ങള്‍ തങ്ങളെ തുണയ്‌ക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. അതോടൊപ്പം വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും യു.ഡി.എഫ് തൂത്തുവാരുമെന്നാണ് നേതാക്കള്‍ പറയുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പകുതിയിലേറെ സീറ്റുകള്‍ വീതമെങ്കിലും പിടിച്ചെടുത്താല്‍ മാത്രമേ 100 എന്ന മാജിക് സംഖ്യയിലേക്ക് കടക്കാന്‍ കഴിയുകയുള്ളുവെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
ഭരണവിരുദ്ധ വികാരം ഏറ്റവുമധികം പ്രതിഫലിക്കേണ്ട ജില്ലകളായാണ് തിരുവനന്തപുരത്തെയും കൊല്ലത്തെയും യു.ഡി.എഫ് വിലയിരുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബവും ഏറ്റവും കൂടുതലുള്ളതും തെക്കന്‍ ജില്ലകളിലാണ്. ശമ്പള, പെന്‍ഷന്‍ കുടിശികയും ഡി.എയുമെല്ലാം ഇവിടെ പ്രചാരണ വിഷയമാണ്. ഇതോടൊപ്പം ശബരിമല സ്വര്‍ണക്കൊള്ളയും അവസാന ഘട്ടത്തില്‍ സജീവമാക്കും.
ഈ ജില്ലകളിലെ ചില മണ്ഡലങ്ങളില്‍ ബി.ജെ.പി-സി.പി.എം. ഡീലുണ്ടെന്ന ആരോപണം നേരത്തെ തന്നെ യു.ഡി.എഫ് ഉയര്‍ത്തിയിരുന്നു.
കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയെല്ലാം അവസാന ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രീകരിച്ചായിരുന്നു .
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുടെ റോഡ് ഷോ തിരുവനന്തപുരത്ത് നടന്നു. രാജസ്‌ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും എത്തി. കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗേയും സജീവമായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രചാരണ പ്രവര്‍ത്തനം ഏകോപിക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇത്തവണ സ്‌റ്റാര്‍ പ്രചാരകരായിരുന്നു.
തിരുവനന്തപുരത്തെ ആകെയുള്ള 14 സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ് കഴിഞ്ഞ തവണ യു.ഡി.എഫിന് നേടായനായത്. കൊല്ലം -രണ്ട്, ആലപ്പുഴ -ഒന്ന്, പത്തനംതിട്ട -പൂജ്യം എന്നിങ്ങനാണ് മറ്റു ജില്ലകളിലെ സമ്പാദ്യം. എന്നാല്‍, ഈ കണക്ക് ഇത്തവണ തിരുത്തിക്കുറിക്കുമെന്ന് തന്നെയാണ് യു.ഡി.എഫിന്റെ തീരുമാനം. ഈ ജില്ലകളിലെ പകുതിയില്‍ കൂടുതല്‍ വീതം സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് അവസാന ലാപ്പില്‍ പരീക്ഷിക്കുക.
വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.
വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും. ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയുമാണ് യുഡിഎഫ് പ്രധാന ആയുധമാക്കിയത്. കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് എല്‍ഡിഎഫും ആയുധമാക്കി. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മൂന്ന് യുഡിഎഫ് സ്വതന്ത്രരുടെ പൊലീസ് സംരക്ഷണ ആവശ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.